കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും
തളിപ്പറമ്പ്: പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി.വി. ധനരാജ് വധക്കേസിലെ പ്രതികളുടെ ചിത്രം കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പകർത്തിയ പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്‌സൺ കെ.പി. ജ്യോതിക്ക് കോടതി പിരിയും വരെ തടവും, 1000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ ജഡ്‌ജി കെ.എൻ. പ്രശാന്താണ് ശിക്ഷിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 19 പ്രതികൾ കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരായിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ ഭാര്യ എം.പി. സജിനി പ്രതികളെ തിരിച്ചറിയുന്ന നടപടികൾ നടക്കുന്നതിനിടയിലാണ് കെ.പി. ജ്യോതി ചിത്രമെടുത്തത്. കോടതി വരാന്തയിൽ നിന്ന് ജനൽച്ചില്ലുകൾക്കിടയിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇവർ ഫോട്ടോ പകർത്തിയത്.
ഇത് ശ്രദ്ധയിൽപ്പെട്ടയുടനെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാൻ കോടതി നിർദ്ദേശം നൽകി. തുടർന്ന് ഡി.വൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രനെ വിളിച്ചുവരുത്തി നിർദ്ദേശങ്ങൾ നൽകിയ ശേഷം പൊലിസ് ഉടൻ ഫോൺ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ജ്യോതിയെ ജഡ്‌ജിയുടെ മുൻപാകെ വിളിച്ചുവരുത്തി വിശദീകരണം തേടി. എന്നാൽ, താൻ ഫോട്ടോ എടുത്തില്ലെന്നാണ് ജ്യോതി മറുപടി നൽകിയത്. എന്നാൽ താൻ നേരിട്ട് കണ്ടതാണെന്ന് ജഡ്‌ജി വ്യക്തമാക്കി. തുടർനടപടിയെടുക്കുമെന്ന് പൊലിസ് അറിയിച്ചതിന് പിന്നാലെയാണ് കോടതി പിരിയുംവരെ തടവും പിഴയും വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."