സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ
പട്‌ന: സമൂസയെച്ചൊല്ലി കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട 65-കാരനെ വെട്ടിക്കൊന്നു. ബിഹാറിലെ ഭോജ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. കൗലോദിഹാരി നിവാസിയായ ചാന്ദ്രമ യാദവാണ് കൊല്ലപ്പെട്ടത്.
കടയിൽ നിന്ന് സമൂസ വാങ്ങുന്നതിനിടെ കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചാന്ദ്രമ യാദവിന് നേരെ ആക്രമണമുണ്ടായത്. കുട്ടികളുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ തട്ടിപ്പറിച്ചതിനെച്ചൊല്ലിയാണ് തർക്കം ആരംഭിക്കുന്നത്, ഇത് ശ്രദ്ധയിൽ പെട്ട ചാന്ദ്രമ യാദവ് കടയിലെത്തി മറ്റ് കുട്ടികളോടും സമീപത്തുണ്ടായിരുന്നവരുമായി പ്രശ്നത്തിൽ ഇടപെട്ട് സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടാവുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീയാണ് വാളെടുത്ത് ചാന്ദ്രമ യാദവിന്റെ തലയ്ക്ക് വെട്ടിയത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ സ്ത്രീക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു. കുട്ടികളുടെ നിസ്സാരമായ തർക്കത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവം പ്രദേശവാസികൾക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
Samosa dispute turns deadly: 65-year-old farmer hacked to death after intervening in children's argument in Bihar; police search for woman attacker.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."