മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ
മൈസൂരു: മുത്തശ്ശിയെ ഫോൺ വിളിച്ചതിന്റെ പേരിൽ ഒമ്പത് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമർദനം. സംഭവത്തിൽ പ്രധാനാധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗയിലെ ചല്ലക്കെരെ താലൂക്കിലെ നായകൻഹട്ടിയിലെ സംസ്‌കൃത വേദാധ്യയന സ്കൂളിലാണ് സംഭവം. പ്രതിയായ വീരേഷ് ഹിരേമത്തിനെ കലബുറഗിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തരുൺ എന്ന വിദ്യാർഥിക്കാണ് അധ്യാപകന്റെ ക്രൂരമർദനമേറ്റത്. ഈ വർഷം ഫെബ്രുവരിയിലാണ് സംഭവം നടന്നത്. എന്നാൽ അടുത്തിടെയാണ് അധ്യാപകൻ കുട്ടിയെ മർദിക്കുന്ന വീഡിയോ പുറത്തുവന്നത്. ഇതോടെ സംസ്ഥാനമെമ്പാടും അധ്യാപകനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
റിപ്പോർട്ടുകൾ പ്രകാരം, മുത്തശ്ശിയെ ഫോണിൽ ബന്ധപ്പെട്ടു എന്ന കാരണത്താലാണ് അധ്യാപകൻ വിദ്യാർഥിയെ ആക്രമിച്ചത്. വിദ്യാർഥി കേണപേക്ഷിച്ചിട്ടും ഹിരേമത്ത് മർദനം തുടരുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ഭീകര ദൃശ്യങ്ങൾ പുറത്തുവന്നതോടെ മന്ത്രിയടക്കമുള്ളവർ അധ്യാപകനെതിരെ ശക്തമായി രംഗത്തെത്തി.
വീഡിയോ വ്യാപകമായി പ്രചരിച്ചതിനും പ്രതിഷേധങ്ങൾ ഉയർന്നതിനും പിന്നാലെയാണ് പൊലിസ് നടപടി സ്വീകരിച്ചത്. പ്രതിയായ വീരേഷ് ഹിരേമത്തിനെ ചല്ലക്കെരെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നിലവിൽ ഇയാളെ ചിത്രദുർഗ ജില്ലാ ജയിലിലേക്ക് അയച്ചിരിക്കുകയാണ്. കേസ് ഒതുക്കിത്തീർക്കാൻ മുമ്പ് ശ്രമങ്ങൾ നടന്നിരുന്നുവെന്നും സംഭവം പുറത്തറിയാതിരിക്കാൻ ശ്രമമുണ്ടായി എന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
A school headteacher in Chitradurga, Karnataka, was arrested for mercilessly beating a nine-year-old student (Tarun) just for using a phone to call his grandmother. A video of the brutal assault, which reportedly occurred in February 2025, went viral, leading to widespread public outcry and action by the police. The accused, Veeresh Hiremath, was arrested and remanded to judicial custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."