ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി
പാട്‌ന: ബിഹാറില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വി.ഐ.പി) നേതാവ് മുകേഷ് സാഹ്നിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. പട്‌നയില്‍ നടന്ന സഖ്യത്തിന്റെ സംയുക്ത സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
എല്ലാ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയെന്നും ഇതിനുശേഷമാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും ഗെഹ്ലോട്ട് പറഞ്ഞു. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് രാഹുല്‍ ഗാന്ധിയും ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും പിന്നാലെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെയാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പോരാട്ടം ശക്തമാക്കുകയാണ് മുന്നണികള്‍. മോദിയെ മുന്‍നിര്‍ത്തി ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്ന ബി.ജെ.പിയുടെ പതിവ് ശൈലി തന്നെയാണ് ഇത്തവണയും പയറ്റുന്നത്. അടുത്ത ആഴ്ച പ്രധാനമന്ത്രി റാലികളില്‍ പങ്കെടുക്കാനെത്തും. 12 റാലികളില്‍ ആണ് മോദി പങ്കെടുക്കുന്നത്. ബി.ജെ.പിയുടെ താരപ്രചാരകരാണ് എന്‍ഡിഎ റാലികള്‍ നയിക്കുന്നത്. ജനകീയ പ്രഖ്യാപനങ്ങളിലൂടെ ആര്‍.ജെ.ഡി സ്ത്രീ വോട്ടര്‍മാരെയാണ് ലക്ഷ്യം വെക്കുന്നത്. രണ്ട് പതിറ്റാണ്ട് കാലത്തെ നിതീഷ് കുമാറിന്റെ ഭരണം ബീഹാറിനെ പിന്നോട്ട് അടിച്ചു എന്ന് തേജസ്വി യാദവ് ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അഴിമതിയും തൊഴിലില്ലായ്മയുമാണ് മഹാസഖ്യത്തിന്റെ പ്രചാരണ ആയുധം. അതേസമയം, ആറ് സീറ്റിലേക്ക് ജെ.എം.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മഹാസഖ്യത്തിന് വീണ്ടും തലവേദനയായിട്ടുണ്ട്. മാത്രമല്ല മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തിലെ പ്രതിസന്ധിയും ഒഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ മത്സരിക്കുന്ന കുതുംബയില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയും നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുമോയെന്ന ആശങ്കയിലാണ് ആര്‍.ജെ.ഡി. 90കളില്‍ ലാലു പ്രസാദ് യാദവിനെ ബിഹാര്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലെത്തിച്ചത് മുസ്‌ലിം-യാദവ് വോട്ടുകളായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മകന്‍ തേജസ്വി യാദവ് വീറുറ്റ പോരാട്ടവുമായി രംഗത്തെത്തുമ്പോള്‍, മുസ്‌ലിം വോട്ടുകള്‍ ചിതറിപ്പോകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.
ബിഹാറില്‍ 32 സീറ്റുകള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്. 243 മണ്ഡലങ്ങളില്‍ 70 എണ്ണത്തിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായിരിക്കും. നവതരംഗവുമായെത്തുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി 40 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ചെറു പാര്‍ട്ടികളെ കോര്‍ത്തുണ്ടാക്കിയ അസദുദ്ദീന്‍ ഉവൈസിയുടെ മഹാ ജനാധിപത്യ സഖ്യവും(ജി.ഡി.എ) മുസ്‌ലിം വോട്ടുകളില്‍ ഒരു പങ്ക് സ്വന്തമാക്കിയേക്കും. 64 സീറ്റിലാണ് ജി.ഡി.എ മത്സരിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലില്‍ ഉള്‍പ്പെടെ ഉവൈസി ശ്രദ്ധയൂന്നുന്നത് മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരുത്തിയേക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്,
ബിഹാറിലെ ജനസംഖ്യയില്‍ 17.7% മുസ്‌ലിംകളാണെന്ന് 2022ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ ജാതി സര്‍വേയില്‍ വ്യക്തമായിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി 18 മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ എട്ടുപേരും ജയിച്ചിരുന്നു.
In Patna, the Grand Alliance (Mahagathbandhan) in Bihar has officially declared RJD leader Tejashwi Yadav as its Chief Ministerial candidate for the upcoming assembly elections. The announcement was made by senior Congress leader Ashok Gehlot during a joint meeting of alliance parties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."