പൊന്നോണം നല്ലോണം
ഓണക്കാലത്തു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിനു പുറത്തും അരങ്ങേറുന്ന ചില വിനോദങ്ങളുണ്ട്. ഓണവുമായി ബന്ധപ്പെട്ട അത്തരം വിനോദങ്ങളെക്കുറിച്ച് വായിക്കാം
ഓണത്തല്ല്
ഓണത്തല്ലില്ലാത്ത ഓണത്തെക്കുറിച്ച് മിക്ക മലയാളിക്കും ചിന്തിക്കാനാവാത്തതാണ്. പണ്ടത്തെ നാടു വാഴികളാണ് ഓണത്തല്ല്് തുടങ്ങിവച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്നു. എ ഡി രണ്ടാം നൂറ്റാണ്ടില്‍ ഓണത്തല്ലിന് സമാനമായ മത്സരങ്ങള്‍ നടന്നിരുന്നതായും ചരിത്ര രേഖകളുണ്ട്.കളരിയഭ്യാസികളുടെ അടവുകള്‍ പ്രയോഗിക്കാനുള്ള അവസരമായാണ് ഓണത്തല്ല്് ഒരു കാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് അഭ്യാസികളല്ലാത്തവരും ഓണത്തല്ലില്‍ പങ്കെടുത്തു തുടങ്ങി. രണ്ടു ചേരികളായി തിരിഞ്ഞാണ് ഓണത്തല്ല് നടത്തുക. തല്ലാണെന്നു കരുതി ഏതു വിധത്തിലും എതിരാളിയെ തല്ലാന്‍ ആര്‍ക്കും അധികാരമില്ല.
ചില നിയമങ്ങളനുസരിച്ചു മാത്രമേ ഇങ്ങനെ തല്ല് നടത്താനാകൂ. കൈപ്പത്തി കൊണ്ടുള്ള അടിയല്ലാതെ മുഷ്ടി ചുരുട്ടിയുള്ള അടി അനുവദിക്കില്ല. കാലുകൊണ്ടുള്ള ചവിട്ടും പാടില്ല. ഓണത്തല്ല് നിയന്ത്രിക്കാന്‍ ചാതിക്കാരന്‍ എന്ന പേരിലറിയപ്പെടുന്ന റഫറി ഉണ്ടാകും. ചാണകം മെഴുകിയ കളത്തില്‍വച്ചാണ് തല്ല്് നടക്കുക. ഓരോ ചേരിയിലേയും എതിരാളിക്കു തുല്യനായ എതിരാളി മറുചേരിയില്‍നിന്ന് ഇറങ്ങിയാണ് തല്ല് ആരംഭിക്കുക. ഏതെങ്കിലും ഒരു ടീം വിജയിക്കുന്നതു വരെ ഈ തല്ല് തുടരണം എന്നാണ് നിയമം. കൈയാങ്കളി, ഓണപ്പട എന്നീ പേരുകളും ഓണത്തല്ലിനുണ്ട്.
ഓണത്തുള്ളല്‍
രണ്ടു സ്ത്രീകള്‍ ചേര്‍ന്നു നടത്തുന്ന തുള്ളലാണിത്. തലയില്‍ കിരീടവും കൈയില്‍ കുരുത്തോലയുമാണ് വേഷം. പുരുഷന്മാര്‍ തുടി കൊട്ടുകയും മഹാബലിയെവാഴ്ത്തുന്ന പാട്ടുകള്‍ പാടുകയും ചെയ്യും.
ആട്ടക്കളം കുത്തല്‍
ഒരു വലിയ വൃത്തം വരച്ച് കുട്ടികളില്‍ രണ്ടോ മൂന്നോ പേരൊഴികെ വൃത്തത്തിനുള്ളില്‍ നില്‍ക്കും. പുറത്തു നില്‍ക്കുന്നവര്‍ വൃത്തത്തിന് അകത്തു നില്‍ക്കുന്നവരെ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കണം. വൃത്തത്തിന്റെ വരയില്‍ തൊടാനോ മറ്റുള്ളവരെ തൊടാനോ ശ്രമിച്ചാല്‍ അകത്തുനിന്നയാള്‍ പുറത്തുള്ളവരെ അടിക്കും. തിരിച്ചടിക്കാന്‍ പാടില്ലെന്നാണ് നിയമം. വൃത്തത്തിനു പുറത്തായവര്‍ അകത്തുള്ളവരെ മുഴുവന്‍ പുറത്താക്കുന്നതോടെ കളി തീരും
പാവക്കൂത്ത്
മരപ്പാവകളെ ഉപയോഗിച്ചാണ് പാവക്കൂത്ത് നടത്തിയിരുന്നത്. പാവകളെ മനോഹരമായി വസ്ത്രം ധരിപ്പിച്ചും കണ്ണെഴുതിപ്പിച്ചും ആകര്‍ഷകമാക്കും. ഉടുക്കായിരുന്നു ആദ്യകാലത്ത് പാവക്കൂത്തിന് ഉപയോഗിച്ചിരുന്ന വാദ്യങ്ങളില്‍ പ്രധാനപ്പെട്ടത്.
പുലികളി
കടുവകളിയെന്നും ഈ വിനോദത്തിനു പേരുണ്ട്്. പുലിളുടെ വേഷം ധരിച്ച പുരുഷന്മാരാണ് ഈ കളിയില്‍ പങ്കെടുക്കുക. പുലിയുടെ മുഖംമൂടി ധരിക്കുന്നതോടൊപ്പം ശരീരത്തില്‍ പുലിയുടേതു പോലെ വരകളുണ്ടാക്കിയും വാലണിഞ്ഞും ചെണ്ട വാദ്യങ്ങളോടെയാണു പുലികളി നടക്കുന്നത്. തൃശ്ശൂരില്‍ നടക്കുന്ന പുലികളി വളരെ പ്രശസ്തമാണ്. അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈകളിക്ക്്. നാലാമോണത്തനു വൈകിട്ടാണ് പുലികളി നടക്കുക. വാഹനത്തില്‍ കൃത്രിമമായി നിര്‍മിക്കുന്ന വനത്തില്‍നിന്നാണ് പുലികള്‍ ഇറങ്ങി വരിക. നല്ല മെയ് വഴക്കവും കായികശേഷിയും പുലികളിക്ക് അത്യാവശ്യമാണ്.
വള്ളംകളി
ഓണക്കളികളില്‍ ലോക പ്രശസ്തമാണ് വളളം കളി അഥവാ ജലോത്സവം. 1952 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ആലപ്പുഴയിലെത്തിയപ്പോള്‍ വള്ളംകളി മത്സരം നടത്തിയാണ് നാട്ടുകാര്‍ അദ്ദേഹത്തെ വരവേറ്റത്.
നെഹ്‌റുവിന് വള്ളംകളി നന്നായി ഇഷ്ടപ്പെട്ടു. മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ നടുഭാഗം ചുണ്ടനില്‍കയറി വള്ളക്കാര്‍ക്കൊപ്പം നെഹ്‌റു നൃത്തമാടുകയും അല്‍പ്പദൂരം സഞ്ചരിക്കുകയും ചെയ്തു. മത്സരം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയ നെഹ്്‌റു ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ ഒരു ട്രോഫി പണി കഴിപ്പിച്ച് ആലപ്പുഴയിലെ വള്ളംകളി തുടര്‍ന്നും നടത്താനും മത്സര വിജയികള്‍ക്ക് ഈ ട്രോഫി സമ്മാനിക്കാനും അറിയിച്ചു.
അന്നു മുതലാണ് പുന്നമടക്കായലിലെ വള്ളംകളി നെഹ്‌റു ട്രോഫി വള്ളംകളി ആയത്. പ്രൈം മിനിസ്റ്റര്‍ ട്രോഫി എന്ന പേരില്‍ അറിയപ്പെട്ട ട്രോഫി നെഹ്്‌റുവിന്റെ മരണത്തിനു ശേഷം നെഹ്‌റു ട്രോഫിയായി. വള്ളംകളി കാണാന്‍ വിദേശത്ത് നിന്നു പോലും നിരവധിയാളുകള്‍ വന്നെത്താറുണ്ട്്. ചുണ്ടന്‍,ഓടി തുടങ്ങിയ വള്ളങ്ങളുപയോഗിച്ചാണ് വള്ളം കളി നടത്തുക. ഇതിനു മാസങ്ങളുടെ പരിശീലനം ആവശ്യമാണ്. വള്ളത്തിന്റെ അമരത്താണ് ഓരോ ടീമിന്റെയും ക്യാപ്റ്റന്മാര്‍ ഇരിക്കുക. വഞ്ചിപ്പാട്ടിന്റെ താളത്തിലാണ് വഞ്ചി തുഴയുക.
തുമ്പിതുള്ളല്‍
പെണ്‍കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നാണ് തുമ്പികതുള്ളല്‍ നടത്തുക. തുമ്പച്ചെടി പോലുള്ള കുറ്റിച്ചെടികള്‍ പിടിച്ചാണ് കളിയില്‍ പങ്കെടുക്കേണ്ടത്. ഒരാള്‍ തുമ്പിയായി നടുവില്‍ ഇരിക്കും. മറ്റുള്ളവര്‍ വളഞ്ഞിരുന്ന് തുമ്പിയെ ചെടികള്‍ കൊണ്ടു തലോടും. പാട്ടിന്റെ താളം മുറുകുമ്പോള്‍ നടുവിലിരിക്കുന്നയാള്‍ തുമ്പിയെപ്പോലെ തുള്ളാന്‍ തുടങ്ങും. തുള്ളല്‍ മുറുകിയാല്‍ മല്‍സരത്തില്‍ പങ്കെടുത്തവരെ ഓടിക്കും. തുമ്പിയെ രസകരമായ പാട്ടുപാടി ശാന്തമാക്കുന്നതു വരെ ഇതു തുടരും
കോലാട്ടം
കോല്‍ക്കളിയുടെ മറ്റൊരു രൂപമാണിത്. മണികള്‍ ഘടിപ്പിച്ച് നിറം തേച്ച കോലുകള്‍ കൊണ്ടു ചാഞ്ഞും ചെരിഞ്ഞും വട്ടത്തിലുമടിച്ചാണ് കോലാട്ടം നടത്തുക.സ്്ത്രീകളാണ് കോലാട്ടത്തില്‍ പങ്കെടുക്കുക.
കുമ്മാട്ടിക്കളി
തൃശ്ശൂര്‍,പാലക്കാട് വയനാട് ഭാഗങ്ങളിലാണ് മുഖ്യമായും ഇവ അരങ്ങേറുന്നത്. തിരുവോണ ദിവസം കുട്ടികളും യുവാക്കളും ചേര്‍ന്നാണ് കുമ്മാട്ടിക്കളി നടത്തുക. കൃഷ്ണന്‍,നാരദന്‍,ദാരികന്‍ ഹനുമാന്‍ തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെ മുഖം മൂടി ധരിച്ചാണ് കുമ്മാട്ടിക്കളി നടക്കുക. കളിക്കാര്‍ ദേഹത്തണിയുന്ന കുമ്മാട്ടിപ്പുല്ലില്‍നിന്നാണ് കുമ്മാട്ടിക്കളി എന്ന പേരുണ്ടായത്.
ഈ കളിയിലെ ഏറ്റവും രസകരം പല്ലില്ലാത്ത കിഴവിയുടെ അഭിനയമാണ്. ഓണവില്ല് കൊട്ടിയും രാമായണം, മഹാബലി തുടങ്ങിയ പാട്ടുകള്‍ പാടിയും കുമ്മാട്ടിക്കളി രസകരമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്.
കൈകൊട്ടിക്കളി
സ്ത്രീകളാണ് കൈകൊട്ടിക്കളിയില്‍ പങ്കെടുക്കുക.ആദ്യകാലത്ത് നടുമുറ്റങ്ങളിലാണ് കൈകൊട്ടിക്കളിനടന്നിരുന്നത്. പൂക്കളത്തിനു ചുറ്റും പാട്ടുകള്‍ പാടി ചുവടുവച്ചാണ് കൈകൊട്ടിക്കളി നടത്തുക.
ഓണപ്പൊട്ടന്‍
തിരുവോണദിവസം കോഴിക്കോട് വടകര ഭാഗത്ത് അരങ്ങേറുന്ന കലാരൂപമാണ് ഓണപ്പൊട്ടന്‍. ഓണേശ്വരന്‍ എന്നും ഇതിനു പേരുണ്ട്. തലയില്‍ തെച്ചിപ്പൂവും വാഴപ്പോള മീശയും ഓലക്കുടയുമൊക്കെ ചേര്‍ന്നതാണ് ഓണപ്പൊട്ടന്റെ വേഷം. നന്നായി ആഭരണവും ധരിച്ചിരിക്കും. കൈയിലുള്ള മണി കിലുക്കി നിരവധി കുസൃതികള്‍ കാട്ടി വീട്ടുകാരെ ചിരിപ്പിക്കുകയാണ് ഓണപ്പൊട്ടന്‍ ചെയ്യുക.
ഓണത്താര്‍
കുട്ടികള്‍ തെയ്യക്കോലത്തില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു കലാരൂപമാണ് ഓണത്താര്‍. മഹാബലി പാട്ടുകള്‍ പാടിയും ചെണ്ട കൊട്ടിയുമാണ് ഓണത്താറാടുന്നത്.
ഓണം ചേര്‍ന്ന് എത്ര പദങ്ങള്‍
യു.ഹസ്സനലി
ഓണക്കാലം
ഓണസദ്യ
ഓണാഘോഷം
ഓണക്കളി
ഓണക്കോടി
ഓണത്തല്ല്
ഓണസമ്മാനം
ഓണാട്ടന്‍
ഓണപ്പുടവ
ഓണത്തപ്പന്‍
ഓണക്കളം
ഓണപ്പൂക്കള്‍
ഓണവില്ല്
ഓണാവധി
ഓണപ്പാട്ട്
ഓണക്കവിത
ഓണനിലാവ്
ഓണപ്പൂവ്
ഓണവിരുന്ന്
ഓണവെയില്‍
ഓണപ്പട്ട്
ഓണപ്പൊട്ടന്‍
ഓണനാള്‍
ഓണക്കൊയ്ത്ത്
ഓണംവാരാഘോഷം
ഓണപ്പൊരുള്‍
ഓണക്കഥ
ഓണപ്പതിപ്പ്
ഓണച്ചിത്രം
ഓണമാഹാത്മ്യം
ഓണച്ചൊല്ല്
ഓണഐതിഹ്യം
പഴഞ്ചൊല്ലിലെ ഓണം
അത്തം പത്തോണം
ഓണം വരാനൊരു മൂലം വേണം
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരനു കഞ്ഞി കുമ്പിളില്‍തന്നെ
ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
ഓണം പോലെയാണോ തിരുവാതിര
അത്തം പത്തിന് തിരുവോണം
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം
അത്തംവെളുത്താല്‍ ഓണം കറുക്കും
ഓണമുണ്ട വയറേ
ചൂളംപാടിക്കിട
ഒന്നോണം നല്ലോണം
രണ്ടോണം കണ്ടോണം
മൂന്നോണം മുക്കീം-മൂളീം
നാലോണം നക്കീംതുടച്ചും
അഞ്ചോണം പിഞ്ചോണം
ഓണം കേറാമൂല
കാണം വിറ്റും ഓണം ഉണ്ണണം
ഉള്ളതുകൊണ്ട് ഓണംപോലെ
മാമ്പഴവും പുളിയും
ഗിഫു
ചന്തയിലെ മാമ്പഴക്കച്ചവടക്കരനായിരുന്നു മോട്ടു. എല്ലാവരോടും വളരെ മാന്യമായും സ്‌നേഹത്തോടെയുമായിരുന്നു മോട്ടു പെരുമാറിയിരുന്നത്. അതുകൊണ്ടു തന്നെ മോട്ടുവിന്റെ കടയില്‍ എന്നും തിരക്കായിരുന്നു.
അതേ ചന്തയിലെ പുളിക്കച്ചവടക്കരനായ ചോട്ടുവിനു മോട്ടുവിന്റെ ഈ സ്വഭാവം തീരെ ഇഷ്ടമല്ലായിരുന്നു. തന്റെ പുളി വാങ്ങാന്‍ പോലും കൂട്ടാക്കാതെ ആളുകള്‍ മോട്ടുവിന്റെ കടയിലേക്കു പോകുന്നത് ചോട്ടുവിനെ തളര്‍ത്തി.
'എപ്പോഴും മോട്ടുവിനു മാത്രമാണ് കച്ചവടം. എനിക്കാരുമില്ല'
അസൂയയും കുശുമ്പും മൂത്തപ്പോള്‍ ഒരു പരിഹാരം എന്ന നിലയ്ക്ക് ചോട്ടു ഗ്രാമാതിര്‍തിയിലെ ഒരു പണ്ഡിതനെതേടി ചെന്നു.
'എല്ലാവര്‍ക്കും ചോട്ടുവിനെ മതി , ഇങ്ങനെ പോയാല്‍ ഞാന്‍ എന്ത് ചെയ്യും ഗുരോ..?'
ചോട്ടുവിന്റെ പരാതി പുഞ്ചിരിയോടെ കേട്ട ശേഷം പണ്ഡിതന്‍ പ്രതിവിധിയും നിര്‍ദ്ദേശിച്ചു.
'എല്ലാവര്‍ക്കും മധുരമാണിഷ്ടം.. അതാണ് മോട്ടുവിന്റെ വിജയം'
പണ്ഡിതന്റെ നിര്‍ദ്ദേശമനുസരിച്ച് ചോട്ടു മോട്ടുവിന്റെ അടുത്തെത്തി
'മോട്ടൂ, ചങ്ങാതീ..,എനിക്ക് പുളിക്കച്ചവടം മടുത്തു. ഇനി മുതല്‍ ഞാന്‍ മാമ്പഴം വില്‍ക്കാം നീ പുളി വില്‍ക്കൂ'
അങ്ങനെ പരസ്പരം കച്ചവടം മാറിയിട്ടും ചോട്ടുവിന്റെ കൈയില്‍നിന്ന് ആരും മാമ്പഴം വാങ്ങിയില്ല. പുളി വാങ്ങാന്‍ എല്ലാവരും മോട്ടുവിന്റെ കടയില്‍ പോകുന്നു. !
ചോട്ടുവിനു കലി കയറി
ചോട്ടു ദേഷ്യത്തോടെ പണ്ഡിതന്റെ അടുത്തെത്തി.
'നിങ്ങള്‍ ഉപദേശിച്ചതനുസരിച്ചാണ് ഞാന്‍ മാമ്പഴക്കച്ചവടം തുടങ്ങിയത്. എന്നിട്ട് ഇപ്പോഴും കച്ചവടം മുഴുവന്‍ അവനു മാത്രമാ...'
പണ്ഡിതന്‍ മന്ദഹസിച്ചു പറഞ്ഞു:
'ചോട്ടൂ, വില്‍ക്കുന്ന സാധനത്തിനു മാത്രം പോര മധുരം,, വില്‍ക്കുന്ന ആളിനും വില്‍ക്കുന്ന രീതിക്കുമൊക്കെ വേണം ആ മധുരം'
പണ്ഡിതന്‍ തുടര്‍ന്നു:
'നല്ല പെരുമാറ്റവും വ്യക്തിത്വവുമുണ്ടെങ്കില്‍ നിന്നെയും ആളുകള്‍ സ്‌നേഹിക്കും. പുളിവിറ്റു തന്നെ നിനക്കു വിജയിക്കാനാകും '
ചോട്ടുവിനു തന്റെ പോരായ്മ മനസിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."