അച്ചടക്കത്തിന് രണ്ടടിയാകാം; നല്ല ഉദ്ദേശത്തിൽ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: അധ്യാപകർ വിദ്യാർഥികൾക്കെതിരെ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. സ്കൂൾ അച്ചടക്കത്തിൻറെയും കുട്ടികളെ തിരുത്തലിൻറെയും ഭാഗമായി ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാണിച്ച് കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടികളുടെ തെറ്റ് തിരുത്താനുമുള്ള അധികാരം അധ്യാപകർക്കുണ്ട് എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സി. പ്രതീപ് കുമാറാണ് ഈ നിരീക്ഷണം നടത്തിയത്.
സ്കൂളിൽ ചേർത്ത് കുട്ടികളെ അധ്യാപകരുടെ ശിക്ഷണത്തിലേക്ക് വിടുമ്പോൾ കുട്ടികളുടെ തെറ്റ് തിരുത്താനുള്ള ഈ അധികാരങ്ങളും അവർക്ക് രക്ഷിതാക്കൾ കൈമാറുന്നുണ്ട് എന്നും കോടതി നിരീക്ഷിച്ചു. അഞ്ചാംക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ തമ്മിൽ തല്ലുകൂടിയപ്പോൾ ചൂരൽകൊണ്ട് തല്ലിയ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ പരാമർശം.
മൂന്ന് വിദ്യാർഥികൾ പരസ്പരം വടി ഉപയോഗിച്ച് തല്ലിയും തുപ്പിയും വഴക്കിടുന്നത് ശ്രദ്ധയിൽപെട്ട അധ്യാപകൻ അവരുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചിരുന്നു. ഇതിനെതിരെ രക്ഷിതാവ് വടക്കാഞ്ചേരി സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
എന്നാൽ, അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും അധ്യാപകന് ഉണ്ടായിരുന്നില്ലെന്ന് കോടതി കണ്ടെത്തി. ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകൻ അടിച്ചാൽ അതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. അധ്യാപകൻറെ സദുദ്ദേശത്തെ തിരിച്ചറിയാത്ത രക്ഷിതാക്കളുടെ നടപടിയെ കോടതി വിമർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."