'വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാൽ ഇസ്റാഈലിനുള്ള അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടും'; നെതന്യാഹുവിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡി.സി: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പിടിച്ചടക്കാൻ ഇസ്റാഈൽ ശ്രമിച്ചാൽ അമേരിക്കയുടെ എല്ലാ പിന്തുണയും നഷ്ടപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
"അത് സംഭവിക്കില്ല. അറബ് രാജ്യങ്ങൾക്ക് ഞാൻ വാക്ക് നൽകിയിട്ടുള്ളതിനാൽ അത് സംഭവിക്കാൻ പോകുന്നില്ല. ഇപ്പോൾ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. ഞങ്ങൾക്ക് വലിയ അറബ് പിന്തുണയുണ്ട്," ഇസ്റാഈൽ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർത്താൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് മറുപടി നൽകി.
"അങ്ങനെ സംഭവിച്ചാൽ അമേരിക്കയുടെ എല്ലാ പിന്തുണയും ഇസ്റാഈലിന് നഷ്ടപ്പെടും," അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇസ്റാഈലിന്റെ ഈ നീക്കത്തിനെതിരെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഈ വർഷാവസാനത്തോടെ സഊദി അറേബ്യ ഇസ്റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അബ്രഹാം കരാറിൽ ചേരുമെന്ന് താൻ വിശ്വസിക്കുന്നതായും ട്രംപ് ടൈം മാഗസിനോട് പറഞ്ഞു.
സമാധാന നീക്കങ്ങളുടെ ഭാഗമായി ഇസ്റാഈൽ ജയിലിൽ കഴിയുന്ന ഉന്നത ഫലസ്തീൻ തടവുകാരനായ മർവാൻ ബർഗൂത്തിയെ മോചിപ്പിക്കണമോ എന്ന കാര്യത്തിൽ താൻ തീരുമാനം എടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഹമാസിൻ്റെ എതിരാളിയായ ഫത്താ പ്രസ്ഥാനത്തിലെ നേതാവാണ് നിലവിൽ ഇസ്റാഈൽ ജയിലിലുള്ള ബർഗൂത്തി.
വെസ്റ്റ് ബാങ്ക് ബിൽ വിവാദം
ഈ മാസം ആദ്യം ട്രംപ് മധ്യസ്ഥത വഹിച്ച ദുർബലമായ ഗസ്സയിലെ വെടിനിർത്തലിന് പിന്തുണ നൽകാനായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഇസ്റാഈലിലേക്ക് അയച്ചിരുന്നു. എന്നാൽ വൈസ് പ്രസിഡന്റ് വാൻസിന്റെ സന്ദർശന സമയത്ത് തന്നെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കലിന് വഴിയൊരുക്കുന്ന രണ്ട് ബില്ലുകൾ ഇസ്റാഈലി നിയമനിർമ്മാതാക്കൾ മുന്നോട്ട് വെച്ചത് അമേരിക്കയെ ചൊടിപ്പിച്ചു.
"വളരെ മണ്ടത്തരമായ ഒരു രാഷ്ട്രീയ സ്റ്റണ്ടായിരുന്നു അത്, വ്യക്തിപരമായി ഞാൻ അതൊരു അപമാനമായാണ് കാണുന്നത്," വാൻസ് പ്രതികരിച്ചു. വെസ്റ്റ് ബാങ്ക് പിടിച്ചടക്കുന്നതിനെതിരെ റൂബിയോയും ഇസ്റാഈലിന് മുന്നറിയിപ്പ് നൽകുകയും, പാർലമെന്റിന്റെ നടപടികളും കുടിയേറ്റക്കാരുടെ അക്രമവും ഗസ്സയിലെ വെടിനിർത്തലിന് ഭീഷണിയാണെന്ന് പറയുകയും ചെയ്തിരുന്നു.
us president donald trump has issued a strong warning to israel, stating that it risks losing american support if it proceeds with plans to annex the west bank amid rising regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."