മര്യാദ ലംഘിച്ചു: പിഎം ശ്രീയിൽ ഒപ്പുവച്ചത് സിപിഐ നാളെ ചർച്ച ചെയ്യും; സർക്കാർ നടപടി വിദ്യാർഥികളോടുള്ള വെല്ലുവിളി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ സർക്കാർ ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയും വിദ്യാഭ്യാസ സംഘടനയായ എഐഎസ്എഫും രംഗത്ത്.
1500 കോടി രൂപയുടെ കേന്ദ്രഫണ്ട് ലഭിക്കുമെന്നായപ്പോൾ പദ്ധതിയിൽ ഒപ്പിട്ട സർക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയും തികഞ്ഞ വിദ്യാർഥി വിരുദ്ധവുമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു. സംഘ് പരിവാർ അജണ്ഡ സംസ്ഥാനത്ത് നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ സമരങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകുമ്പോൾ അതിനെ തീർത്തും ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.
സിപിഐയുടെ നിരന്തരമായ കടുത്ത എതിർപ്പുകൾ മറികടന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഡൽഹിയിൽ ചെന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. വാർത്ത സത്യമാണെങ്കിൽ അത് തീർത്തും മുന്നണി മര്യാദകളുടെ ലംഘനമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് നടക്കുന്ന സെക്രട്ടേറിയേറ്റിന് ശേഷം സിപിഐ നിലപാട് വ്യക്തമാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംഘ് പരിവാർ അജണ്ടയുടെ പേരിൽ മാറ്റിവച്ച പി.എം.ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവയ്ച്ചതോടെ മോദി വിദ്യാഭ്യാസ നയം പൂർണമായി സംസ്ഥാനം അംഗീകരിക്കേണ്ടി വരും. സംസ്ഥാന സർക്കാരുമായുള്ള ധാരണാ പത്രത്തിലെ ആദ്യത്തെ ഇനം എൻ.ഇ.പി 2020 പൂർണതോതിൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും എന്നാണ്. ഈ സ്‌കൂളുകളുടെ പേരിൽ പി.എം.ശ്രീ എന്ന് ചേർക്കും എന്നാണ് രണ്ടാമത്തെ ഇനം.
ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കുന്ന 14500 മാതൃകാ സ്‌കൂളുകൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് പി.എം ശ്രീ. ഈ സ്‌കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കും. അധ്യാപകർക്ക് കൃത്യമായ പരിശീലനം നൽകിയും നിരന്തരമായ മേൽനോട്ടം ഉറപ്പുവരുത്തിയും മികവിന്റെ കേന്ദ്രങ്ങളായി പി.എം ശ്രീ സ്‌കൂളുകളെ മാറ്റും. പ്രത്യേക ഫണ്ടിൽ 60 ശതമാനം കേന്ദ്രം നൽകും. കേരളം, ബംഗാൾ, തമിഴ്‌നാട് ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും പി.എം ശ്രീ സ്‌കൂളുകൾ നിലവിൽവന്നു കഴിഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കണമെന്ന നിർബന്ധത്തോടുള്ള വിയോജിപ്പാണ് ബംഗാളും തമിഴ്‌നാടും പദ്ധതിയിൽ ചേരാതിരിക്കാനുള്ള കാരണം. ഈ പദ്ധതിയിൽ ചേരാത്തതിനാൽ ഈ സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. തമിഴ്‌നാട് ഇതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കേരളത്തിന് 1466 കോടി രൂപ എസ്.എസ്.എ ഫണ്ടിൽ ലഭിക്കാനുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചത്.
രാജ്യത്തൊട്ടാകെ 13070 സ്‌കൂളുകൾ ഇപ്പോൾ പി.എം ശ്രീ പദ്ധതിയിലുണ്ട്. 1311 പ്രൈമറിയും 3152 അപ്പർ പ്രൈമറിയും 3214 സെക്കൻഡറിയും 3856 ഹയർ സെക്കൻഡറിയും സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. 913 കേന്ദ്രീയ വിദ്യാലയങ്ങളും 620 ജവഹർ നവോദയ വിദ്യാലയങ്ങളും പദ്ധയിൽ ചേർന്നുകഴിഞ്ഞു. കേരളത്തിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയയും പദ്ധതിയുടെ ഭാഗമാണ്.
അതേസമയം കേന്ദ്ര നയങ്ങൾ ഉൾപ്പെടുന്ന പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള തീരുമാനം കേരളം എടുത്തത് ഇപ്പോഴല്ലെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കഴിഞ്ഞ വർഷം തന്നെ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. ധാരണപത്രം ഒപ്പിടാൻ സന്നദ്ധതയറിയിച്ച് സംസ്ഥാനം 2024 മാർച്ചിനാണ് കേന്ദ്രത്തിന് കത്തയക്കുന്നത്.
The Communist Party of India (CPI) is scheduled to discuss the issue of signing the PM SHRI scheme agreement tomorrow, viewing the state government's action as a breach of propriety and a challenge to students. The decision to sign the pact without wider consultation is likely to be a major point of contention within the party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."