മക്ക പ്രാര്‍ഥനാ മുഖരിതം; ഹജ്ജിന് നാളെ തുടക്കം
മക്ക: തല്‍ബിയത്തിന്റെ മന്ത്രോച്ചാരണങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്ന് ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനു നാളെ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ നാളെ മിനായില്‍ സംഗമിക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് തുടക്കമാകും. നാളെ പകലും രാത്രിയും മിനായില്‍ തങ്ങുന്ന ഹാജിമാര്‍ അറഫാ സംഗമത്തിന് സജ്ജരാകും. ഞായറാഴ്ചയാണു ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫാസംഗമം. ഹാജിമാരെ വരവേല്‍ക്കാന്‍ തമ്പുകളുടെ നഗരിയായ മിന പരിപൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞു.
തിരക്ക് കണക്കിലെടുത്തു ഇന്നു ജുമുഅക്ക് ശേഷംതന്നെ മക്കയില്‍ നിന്നു മിനാ ലക്ഷ്യമാക്കി ശുഭ്രവസ്ത്രധാരികളായ തീര്‍ഥാടകരുടെ ഒഴുക്കു തുടങ്ങും. മിനായിലേക്കുള്ള പാതകളെല്ലാം പാല്‍ക്കടല്‍ പോലെ ഹാജിമാരെക്കൊണ്ടു നിറഞ്ഞൊഴുകും. മിനായില്‍ പ്രാര്‍ഥനകളിലും ആരാധനാ കര്‍മങ്ങളിലും മുഴുകുന്ന ഹാജിമാര്‍ ഞായറാഴ്ച സുബ്ഹ് നിസ്‌കാരത്തോടെ അറഫയിലേക്കുള്ള പ്രയാണമാരംഭിക്കും. ളുഹ്‌റോട് കൂടി അറഫാസംഗമം ആരംഭിക്കും. അകംനൊന്ത പ്രാര്‍ഥനയുമായി അറഫയില്‍ തങ്ങുന്ന തീര്‍ഥാടകര്‍ സൂര്യാസ്തമനത്തോടെ മുസ്ദലിഫയിലേക്കു തിരിക്കും.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇന്ന് രാത്രി തന്നെ മിനയിലേക്ക് പോകാനായുള്ള നിര്‍ദേശം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ നല്‍കിക്കഴിഞ്ഞു. മിനയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും പരിചാരകകേന്ദ്രങ്ങളും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ഓരോ ക്യാംപിനടുത്തും തിരിച്ചറിയുന്നതിന് ഇന്ത്യന്‍ പതാക നാട്ടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."