എൽ.ഐ.സി ഫണ്ടെടുത്ത് അദാനിക്കായി 'രക്ഷാപദ്ധതി', മോദി സർക്കാരിനെതിരേ ഗുരുതര ആരോപണവുമായി വാഷിങ്ടൺ പോസ്റ്റ്; വിഷയം ഏറ്റെടുത്ത് കോൺഗ്രസ്
ന്യൂഡൽഹി: യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സാമ്പത്തിക ക്രമക്കേട് കേസുകളിൽ കുടുങ്ങിയ ശതകോടീശ്വരനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ ഗൗതം അദാനിയെ രക്ഷിക്കാൻ മോദി സർക്കാർ പൊതുമേഖലാ ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി)യുടെ നിക്ഷേപ ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്ന് യു.എസ് മാധ്യമമായ വാഷിങ്ടൺ പോസ്റ്റിന്റെ ഗുരുതര വെളിപ്പെടുത്തൽ.
എൽ.ഐ.സിയെ 3.9 ബില്യൺ ഡോളർ (ഏകദേശം 34,000 കോടി രൂപ) അദാനിയുടെ വിവിധ കമ്പനികളിൽ നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലാക്കിയെന്നാണ് ആരോപണം. ധനകാര്യ മന്ത്രാലയം, എൽ.ഐ.സി, നിതി ആയോഗ് എന്നീ ഏജൻസികൾ ചേർന്ന് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഈ നിക്ഷേപ തന്ത്രം രൂപപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.
2025 മെയ് മാസം കേന്ദ്ര ധനകാര്യ മന്ത്രാലയം, എൽ.ഐ.സി, നിതി ആയോഗ് എന്നിവ സംയുക്തമായി ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ രക്ഷിക്കാനായി 3.9 ബില്യൺ ഡോളറിന്റെ നിക്ഷേപ തന്ത്രം വികസിപ്പിച്ചതായും ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങൾ തുടങ്ങിയതായുമാണ് റിപ്പോർട്ടിലെ ഉള്ളടക്കം.
മുൻ വർഷത്തെ അപേക്ഷിച്ച് അദാനി ഗ്രൂപ്പിന്റെ കടബാധ്യതയിൽ 20 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കുടിശ്ശിക കൂടിയതിനാൽ യു.എസ്, യൂറോപ്യൻ ബാങ്കുകൾ അദാനിയെ സഹായിക്കാൻ മടിക്കുകയും ചെയ്തു. യു.എസിൽ അഴിമതി, സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ നേരിട്ടതും തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് മോദി സർക്കാർ എൽ.ഐ.സിയെ ഉപയോഗിച്ച് 'രക്ഷാപദ്ധതി' ആസൂത്രണംചെയ്തത്.
കടം തീർക്കാനായി 58 കോടി ഡോളർ അദാനി ഗ്രൂപ്പ് സമാഹരിക്കേണ്ടിയിരുന്ന അതേമാസം തന്നെയാണ് എൽ.ഐ.സി നിക്ഷേപകരായെത്തിയതും കൃത്യം ഈ തുക തന്നെ ലഭ്യമാക്കിയതും എന്നും രേഖകൾ സഹിതം യു.എസ് മാധ്യമം റിപ്പോർട്ട് ചെയ്തു. അദാനി പോർട്ട്‌സിനായി 58 കോടി ഡോളറിന്റെ ബോണ്ട് എൽ.ഐ.സി മാത്രം നൽകിയതായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, പൊതുജനങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ശക്തമായ വിമർശനവും ഉയർന്നു.
സാധാരണ ജനങ്ങളുടെ സമ്പാദ്യമാണ് എൽ.ഐ.സിയുടെ അടിസ്ഥാനശക്തിയെന്ന് ചൂണ്ടിക്കാട്ടി, ഇത്തരത്തിലുള്ള അപകടനിക്ഷേപങ്ങൾ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ട് ഉദ്ധരിക്കുന്നു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ വലിയ കോർപ്പറേറ്റുകൾക്ക് നികുതി പണം തിരിച്ചുവിടുന്ന വ്യാപക തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും രേഖകൾ വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ട്.
എൽ.ഐ.സി, ധനകാര്യമന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട വിവിധ രേഖകളുടേയും എൽ.ഐ.സിയിലെ ഇപ്പോഴത്തെയും വിരമിച്ചവരുടെയും ഉദ്യോഗസ്ഥർ, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ബാങ്ക് മേധാവികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകളിൽ നിന്നുള്ള വിവരങ്ങളുമാണ് റിപ്പോർട്ടിന് ആധാരമെന്ന് വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എൽ.ഐ.സി പ്രീമിയം അടയ്ക്കാൻ ഓരോ മാസവും തങ്ങളുടെ കുറഞ്ഞ വേതനത്തിൽനിന്ന് പൈസ മിച്ചംവയ്ക്കുന്ന ഇടത്തരക്കാരന്, തന്റെ കഠിനാധ്വാനത്തിലൂടെയുള്ള പണം അദാനിയെ രക്ഷിക്കാൻ മോദി ഉപയോഗിക്കുകയാണെന്ന് അറിയാമോയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ഇത് സാധാരണക്കാരോടുള്ള വിശ്വാസവഞ്ചനയും കൊള്ളയുമാണെന്നും അദാനിയുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിൽ 30 കോടി എൽ.ഐ.സി പോളിസി വരിക്കാരുടെ പണം എന്തിനാണ് നരേന്ദ്രമോദി ധൂർത്തടിക്കുന്നതെന്നും ഖാർഗെ ചോദിച്ചു.
എന്നാൽ, വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങൾ എൽ.ഐ.സി നിഷേധിച്ചു. എല്ലാ നിക്ഷേപങ്ങളും സമഗ്രമായ വിലയിരുത്തലുകളോടും പ്രൊഫഷണൽ മാനദണ്ഡങ്ങളോടുമാണ് നടത്തുന്നതെന്നും, ബാഹ്യ സ്വാധീനം ഉണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എൽ.ഐ.സി വ്യക്തമാക്കി. റിപ്പോർട്ടിൽ പരാമർശിച്ച രേഖകളോ പദ്ധതികളോ തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
washington post alleges modi government orchestrated a plan for state-owned lic to invest billions in the adani group as a rescue measure; the opposition congress party has seized on the issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."