പ്രസവസമയത്ത് ഡോക്ടർമാർക്ക് സംഭവിച്ച വീഴ്ചയിൽ കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം; ആശുപത്രിയും ഡോക്ടർമാരും ചേർന്ന് 700,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ദുബൈ: പ്രസവസമയത്ത് സംഭവിച്ച ഗുരുതരമായ വീഴ്ചയെ തുടർന്ന് കുഞ്ഞിന് സ്ഥിരമായ മസ്തിഷ്ക ക്ഷതം സംഭവിച്ച കേസിൽ നവജാത ശിശുവിന്റെ മാതാപിതാക്കൾക്ക് 700,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ സിവിൽ കോടതി. സംഭവത്തെത്തുടർന്ന്, കുഞ്ഞ് ഭക്ഷണം കഴിക്കാനോ നടക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായി എന്ന് 'എമിറാത്ത് അൽ യൗം' റിപ്പോർട്ട് ചെയ്തു.
പ്രസവ സമയത്ത് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിരീക്ഷണ ഉപകരണത്തിലെ (Heart Monitor) വിവരങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിൽ ഡോക്ടർമാർക്കുണ്ടായ പിഴവാണ് സംഭവത്തിന് കാരണം.
ഈ പിഴവ് ഭ്രൂണത്തിനുണ്ടാകുന്ന അപകടാവസ്ഥ (Foetal Distress) തിരിച്ചറിയുന്നതിൽ കാലതാമസം സൃഷ്ടിച്ചു. കടുത്ത ഓക്സിജൻ കുറവോടെ ജനിച്ച കുഞ്ഞിന് മാറ്റാനാവാത്ത മസ്തിഷ്ക ക്ഷതം (Irreversible Brain Damage),പൂർണ്ണമായ വൈജ്ഞാനിക നഷ്ടം (Complete Cognitive Loss), നിരവധി ശാരീരിക വൈകല്യങ്ങൾ എന്നിവ സംഭവിക്കാൻ ഇടവരുത്തി.
ഡോക്ടർമാർ നൽകിയ ചികിത്സ അംഗീകരിക്കപ്പെട്ട മെഡിക്കൽ മാനദണ്ഡങ്ങൾക്കും താഴെയായിരുന്നു എന്ന് മെഡിക്കൽ ലയബിലിറ്റി സംബന്ധിച്ച ഉന്നത സമിതി (High Committee for Medical Liability) നൽകിയ റിപ്പോർട്ടിൽ കണ്ടെത്തി. ഡോക്ടർമാർക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കി. സംഭവത്തിന്റെ 75 ശതമാനം ഉത്തരവാദിത്തം പ്രസവചികിത്സകനും, 25 ശതമാനം സഹായിയായിരുന്ന ജനറൽ പ്രാക്ടീഷണർക്കുമാണ് സമിതി നൽകിയത്.
സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾ, തങ്ങളുടെ കുട്ടിക്കും കുടുംബത്തിനും നേരിട്ട ദുരന്തം ചൂണ്ടിക്കാട്ടി 30 ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തു. മകന്റെ ചികിത്സയ്ക്കായി തൻ്റെ ഉടമസ്ഥതയിലുള്ളതെല്ലാം വിറ്റഴിക്കുകയും കടം വാങ്ങുകയും ചെയ്തതായി പിതാവ് കോടതിയെ അറിയിച്ചു. പ്രതിവർഷം ഏകദേശം 2 ദശലക്ഷം ദിർഹമാണ് കുഞ്ഞിൻ്റെ ചികിത്സയ്ക്ക് വേണ്ടി വരുന്നത്. കുട്ടിക്ക് 24 മണിക്കൂർ പരിചരണവും, പ്രത്യേക ഭക്ഷണക്രമവും, ആജീവനാന്ത തെറാപ്പിയും ആവശ്യമുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
തുടർന്ന്, മെഡിക്കൽ റിപ്പോർട്ടുകളും വിദഗ്ദ്ധാഭിപ്രായങ്ങളും പരിശോധിച്ച കോടതി, പ്രസവസമയത്തെ ഡോക്ടർമാരുടെ അശ്രദ്ധയാണ് കുഞ്ഞിന് ഗുരുതരമായ മസ്തിഷ്ക ക്ഷതം ഉണ്ടാകാൻ നേരിട്ടുള്ള കാരണമെന്ന് കണ്ടെത്തി. സംഭവത്തിൽ, രണ്ട് ഡോക്ടർമാർക്കും, ആശുപത്രി അധികൃതർക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് കോടതി വിധിച്ചു. മാത്രമല്ല, കുഞ്ഞിന്റെ പിതാവിന് 700,000 ദിർഹം നഷ്ടപരിഹാരമായി നൽകാനും, വിധി പ്രസ്താവിച്ച തീയതി മുതൽ പൂർണ്ണമായി പണം അടയ്ക്കുന്നത് വരെയുള്ള നിയമപരമായ പലിശ നൽകാനും ഉത്തരവിട്ടു.
The Dubai Civil Court has ruled that a hospital must pay Dh 700,000 in compensation to the parents of a child who suffered permanent brain damage due to a severe birth injury caused by medical negligence. The child was born with cerebral palsy and is unable to perform basic functions such as eating, walking, or speaking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."