ഓണത്തിനിടെ പുസ്തകക്കച്ചവടവും തകൃതി
കോഴിക്കോട്: ഓണത്തിനു വായനയുടെ വസന്തമൊരുക്കി നഗരത്തില്‍ പുസ്തകമേളകള്‍ സജീവം. ചെറുതും വലുതുമായി അനേകം പുസ്തകമേളകളാണു നഗരത്തില്‍ പല ഭാഗത്തായി നടക്കുന്നത്. പൂക്കള്‍ക്കും പുതുവസ്ത്രങ്ങള്‍ക്കുമൊപ്പം ഓണത്തെ വരവേല്‍ക്കാന്‍ പുതിയ പുസ്തകങ്ങളും വായനക്കാര്‍ തേടുന്നുണ്ട് എന്നു തെളിയിക്കുന്ന തരത്തിലാണു പുസ്തകമേളകളിലെ തിരക്ക്.
പത്തു മുതല്‍ 50 വരെ ശതമാനം വിലക്കുറവിലാണു നഗരത്തില്‍ പുസ്തകങ്ങള്‍ വിറ്റഴിക്കുന്നത്. ഒലിവ് പബ്ലിക്കേഷന്‍സിന്റെ പുസ്തകമേളയാണു നഗരത്തില്‍ ആദ്യം ആരംഭിച്ചത്. പത്തു മുതല്‍ 60 വരെ ശതമാനം വിലക്കിഴിവുമായാണ് ഒലിവ് വായനക്കാരെ ആകര്‍ഷിക്കുന്നത്. കവിത, പഠനം, നോവല്‍, ബാലസാഹിത്യം, ലേഖനം, സിനിമ തുടങ്ങിയ മേഖലകളിലെ കേരളത്തിലെ പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങള്‍ മേളയിലുണ്ട്. മാനാഞ്ചിറ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു സമീപത്തു നടക്കുന്ന മേള 11ന് അവസാനിക്കും. മുതലക്കുളം മൈതാനിയില്‍ ആരംഭിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകമേളയും വിജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും വിശാല ലോകമാണു വായനക്കാര്‍ക്കു മുന്‍പില്‍ തുറന്നിടുന്നത്. പരിഷത് പുസ്തകങ്ങള്‍ക്കു പുറമേ നാഷനല്‍ ബുക്ക്ട്രസ്റ്റ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി.സി, ദേശാഭിമാനി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, മാതൃഭൂമി, ചിന്ത, പ്രഭാത്, ഹരിതം തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളും മേളയിലുണ്ട്. ശാസ്ത്ര പുസ്തകങ്ങളാണു മേളയിലെ താരങ്ങള്‍. മേള 12 വരെ തുടരും. പത്തു ശതമാനമാണു പുസ്തകങ്ങള്‍ക്കു കിഴിവു നല്‍കുന്നത്. വിദ്യാര്‍ഥികളാണു മേളയിലെത്തുന്നവരില്‍ കൂടുതലെന്നു സംഘാടകര്‍ പറയുന്നു.
എന്‍.ബി.എസിന്റെ പുസ്തകമേളയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വായനക്കാരെ ആകര്‍ഷിക്കാനായി പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കുന്ന നറുക്കെടുപ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 13 വരെയാണു മേള. പുസ്തകങ്ങള്‍ക്കു ആകര്‍ഷകമായ വിലക്കിഴിവും നല്‍കുന്നുണ്ട്. മാവൂര്‍ റോഡ് നൂര്‍ കോംപ്ലക്‌സില്‍ വചനം ബുക്‌സിന്റെ ബക്രീദ്-ഓണം പുസ്തകമേളയിലും കൂടുതല്‍പേര്‍ എത്തുന്നുണ്ട്. പത്തിനാണു മേള സമാപിക്കുക.
ഇതിനു പുറമെ പുസ്തകക്കടകളില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഓണപ്പതിപ്പുകള്‍ ചോദിച്ചെത്തുന്നവരും നിരവധിയാണ്. തിരുവോണത്തലേന്ന് അവസാനിപ്പിക്കുന്ന തരത്തിലാണു മിക്ക പുസ്തകമേളകളും സംഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം മുഴുവന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ എല്ലാ മേളകളിലും ലഭിക്കുമെന്നതും പുസ്തകപ്രേമികള്‍ക്ക് ആശ്വാസമാണ്.
ചേലക്കാട് എം.എല്‍.പി സ്‌കൂള്‍
നാദാപുരം: ചേലക്കാട് എം.എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്കു തുടക്കമായി. സ്‌പോണ്‍സര്‍ മുസ്തഫ എഫ്.എമ്മിന്റെ പിതാവ് വി.കെ മൂസ ഹാജി സ്‌കൂള്‍ ലീഡര്‍ പി.കെ മുഹമ്മദിനു പത്രംനല്‍കി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വി. ഹമീദ്, സ്റ്റാഫ് സെക്രട്ടറി കെ. ബശീര്‍, ഹെഡ്മിസ്ട്രസ് ടി. രമ, എ.പി ഷെര്‍ളി, രമ്യ വി, സുജിത് കെ, ഭവ്യ ബി, എ.ടി അബ്ദുല്ല ഹാജി, കെ.പി ഇബ്രാഹീം, അനീസ് വി, സി.കെ ജുബൈര്‍, കെ. സുഹൈല്‍, കെ. ശംസുദ്ദീന്‍, വി.കെ ശഫാദ്, വി.പി അഫ്‌സല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."