ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ചെർണോബിലിലെ തെരുവുനായകൾക്ക് നീലനിറം; എന്താണ് സംഭവിച്ചതെന്നറിയാതെ ലോകം
ചെർണോബിൽ: ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന ചെർണോബിലിനടുത്ത് നിരവധി തെരുവുനായകൾക്ക് നീലനിറം വന്നത് വലിയ ചർച്ചയാകുന്നു. നായകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഈ നിറംമാറ്റം സംഭവിച്ചതെന്നും ഇതിന്റെ കാരണം എന്താണെന്ന് ഉറപ്പില്ലെന്നും പ്രദേശവാസികളും നായകളെ പരിപാലിക്കുന്ന സംഘടനയും പറയുന്നു.
ഡോഗ്സ് ഓഫ് ചെർണോബിൽ പങ്കുവെച്ച ദൃശ്യങ്ങൾ
ചെർണോബിലിലെ നായകളെ പരിപാലിക്കുന്ന 'ഡോഗ്സ് ഓഫ് ചെർണോബിൽ' എന്ന സംഘടനയാണ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്."ചെർണോബിലിൽ കണ്ടെത്തിയ നീലനിറത്തിലുള്ള നായ്ക്കൾ.നമ്മൾ ചർച്ച ചെയ്യേണ്ട വളരെ ഗൗരവമുള്ള ഒരു വിഷയമാണിത്.വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടുന്നതിനിടെയാണ് പൂർണമായും നീലനിറമായ മൂന്ന് നായ്ക്കളെ ഞങ്ങൾ കണ്ടുമുട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കും കൃത്യമായി അറിയില്ല," ഓർഗനൈസേഷൻ കുറിച്ചു.
കാരണം രാസവസ്തുക്കളാകാം: സംഘടന
നായകൾ നീലനിറമായതിന്റെ കാരണം പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ അന്വേഷിക്കുന്നുണ്ടെങ്കിലും സംഘടനയ്ക്ക് കൃത്യമായ മറുപടിയില്ല. നായകളെ പിടികൂടി കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് അവർ പറയുന്നു.ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളായിരിക്കാം ഇതിന് കാരണം എന്നാണ് കരുതുന്നത്.നായകൾ വളരെ ആക്ടീവായിട്ടാണ് നിൽക്കുന്നത്. അതിനാൽ തന്നെ ഇപ്പോൾ അവയെ പിടികൂടാൻ സാധിച്ചിട്ടില്ല.വീഡിയോക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്താണ് ഈ നിറംമാറ്റത്തിന് പിന്നിലെ കാരണം എന്നാണ് മിക്കവരും ചോദിക്കുന്നത്.
ചെർണോബിൽ ദുരന്തം: ചരിത്രത്തിലെ വലിയ ദുരന്തം
1986 ഏപ്രിൽ 26-ന് രാത്രി 01:23:40-നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ്ജ ദുരന്തമായ ചെർണോബിൽ ന്യൂക്ലിയർ ദുരന്തം നടന്നത്. പ്രിപ്യാറ്റിലെ ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഈ ദുരന്തമേഖലയിൽ ഇപ്പോഴും മനുഷ്യവാസം കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."