47-കാരനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർത്ത്,കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ ഉപേക്ഷിച്ചു; അഗതിമന്ദിരം നടത്തിപ്പുകാരനും കൂട്ടാളികളും പിടിയിൽ
തൃശ്ശൂർ: ജനനേന്ദ്രിയം തകർക്കുകയും കണ്ണ് കുത്തിപ്പൊട്ടിച്ച് 47-കാരനെ ക്രൂരമായി മർദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ അഗതിമന്ദിരം നടത്തിപ്പുകാരനും സഹായികളും അറസ്റ്റിൽ. എറണാകുളം കൂനംമാവിലെ ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരനായ അമൽ, സഹായികളായ നിധിൻ, ആരോമൽ എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലിസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ക്രൂരമായ മർദനം, ഗുരുതര പരിക്ക്
ആലപ്പുഴ അരൂർ സ്വദേശിയായ സുദർശനനെയാണ് (47) ഒക്ടോബർ 21-ന് കൊടുങ്ങല്ലൂർ പടിഞ്ഞാറേനടയിലുള്ള പണിക്കേഴ്സ് ഹാളിനു മുൻവശത്തെ ബസ് സ്റ്റോപ്പിൽ നഗ്‌നനും അവശനിലയിലുമായി കണ്ടെത്തിയത്.പൊലിസെത്തി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇയാളുടെ ജനനേന്ദ്രിയം തകർന്ന നിലയിലായിരുന്നു. അണുബാധയെത്തുടർന്ന് ഇത് പിന്നീട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. കൂടാതെ, ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലുമായിരുന്നു.മുറിവുകൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ സുദർശനൻ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
സിസിടിവി ദൃശ്യങ്ങൾ നിർണായകമായി
ഒന്നിലധികം ആളുകൾ ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ ലക്ഷണങ്ങളാണ് പ്രാഥമിക പരിശോധനയിൽ പൊലിസ് കണ്ടെത്തിയത്.സുദർശനനെ വഴിയിൽ ഉപേക്ഷിച്ച് മടങ്ങിയവർ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് കണ്ടെടുത്തു.ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഗതിമന്ദിരം നടത്തിപ്പുകാരനായ അമലിനെയും സഹായികളെയും പൊലിസ് അറസ്റ്റ് ചെയ്തത്.
അഗതിമന്ദിരത്തിലെ മറ്റ് അന്തേവാസികൾ ചേർന്നാണ് സുദർശനനെ ക്രൂരമായി മർദിച്ചതെന്നാണ് പൊലിസ് പറയുന്നത്.മർദനമേറ്റ സുദർശനന് ആശ്രമം നടത്തിപ്പുകാർ ചികിത്സ നൽകാതെ കാറിൽ കയറ്റി കൊടുങ്ങല്ലൂരിൽ എത്തിച്ച് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.അറസ്റ്റിലായ പ്രതികൾ പൊലിസിനോട് കുറ്റം സമ്മതിച്ചിട്ടില്ല.ആക്രമിക്കപ്പെട്ട സുദർശനൻ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു:2013-ൽ എസ്‌ഡിപിഐ പ്രവർത്തകനായ മുനീറിനെ (33) കൊലപ്പെടുത്തിയ കേസിൽ സുദർശനൻ മൂന്ന് സഹോദരന്മാരോടൊപ്പം പ്രതിയായിരുന്നു. അതിർത്തിത്തർക്കമാണ് കൊലപാതകത്തിന് കാരണം. ഈ കേസിൽ ജയിലിൽ കിടന്നശേഷം കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.എറണാകുളം സിറ്റി പൊലിസ് സ്റ്റേഷനിലുൾപ്പെടെ മറ്റു അഞ്ച് കേസുകളിൽ സുദർശനൻ പ്രതിയാണ്.ഇതിന്റെ അടിസ്ഥാനത്തിൽ ഈ ക്രിമിനൽ കേസുകളിലെ പ്രതികാരത്തിന്റെ ഭാഗമായാണോ സുദർശനനെ ആക്രമിച്ചതെന്നും സംശയമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."