പറഞ്ഞ സമയത്തിന് ബ്ലൗസ് തയ്ച്ച് നൽകാത്തത് ഗുരുതര വീഴ്ച; തയ്യൽക്കാരന് വൻ തുക പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ
അഹമ്മദാബാദ്: അത്യാവശ സമയത്ത് ബ്ലൗസ് തയ്ച്ചുനൽകാൻ സാധിക്കാത്ത തയ്യൽക്കാരനോട് ഉപഭോക്താവായ യുവതിക്ക് 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ നിർദ്ദേശം. സമയത്തിന് വസ്ത്രം തയ്ച്ചുനൽകാൻ കഴിയാതിരുന്നത് സേവനത്തിലെ ഗുരുതരമായ പോരായ്മയായി കണക്കാക്കിയ കമ്മിഷൻ, യുവതിക്ക് ഇത് മാനസിക ക്ലേശമുണ്ടാക്കിയെന്നും വിലയിരുത്തി.
നവരംഗ്പുരയിൽ നിന്നുള്ള യുവതിയാണ് സിജി റോഡിൽ കട നടത്തുന്ന തയ്യൽക്കാരനെതിരെ പരാതി നൽകിയത്. യുവതിയുടെ ബന്ധുവിന്റെ വിവാഹത്തിന് വേണ്ടിയുള്ള ബ്ലൗസ് സമയബന്ധിതമായി തയ്ച്ചുനൽകണമെന്നായിരുന്നു ആവശ്യം. 2024 ഡിസംബർ 24-നായിരുന്നു വിവാഹം. ഇതിനായി 2024 നവംബറിൽ തയ്യൽക്കാരനെ സമീപിച്ച യുവതി 4,395 രൂപ അഡ്വാൻസായി നൽകിയിരുന്നു.
കൃത്യസമയത്ത് ബ്ലൗസ് ലഭിക്കുമെന്ന് യുവതി ഉറച്ചുവിശ്വസിച്ചെങ്കിലും, ഡിസംബർ 14-ന് ഓർഡർ വാങ്ങാൻ എത്തിയപ്പോൾ നിരാശയായിരുന്നു ഫലം. ബ്ലൗസ് അപ്പോഴും തയ്ച്ചിരുന്നില്ല. വിവാഹത്തിന് മുമ്പ് ബ്ലൗസ് എത്തിക്കാമെന്ന് തയ്യൽക്കാരൻ ഉറപ്പുനൽകിയെങ്കിലും, ഡിസംബർ 24 കഴിഞ്ഞിട്ടും വസ്ത്രം ലഭിച്ചില്ല. ഇതോടെയാണ് യുവതി അഹമ്മദാബാദിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ (അഡീഷണൽ) പരാതി നൽകിയത്.
കമ്മിഷൻ മുമ്പാകെ തയ്യൽക്കാരൻ ഹാജരാകാത്തതിനെ തുടർന്ന് യുവതിയുടെ മൊഴി മാത്രം കേട്ട ശേഷമാണ് വിധി പ്രസ്താവിച്ചത്. വാഗ്ദാനം ചെയ്തതുപോലെ ബ്ലൗസ് എത്തിക്കാത്തത് സേവനത്തിലെ വലിയ വീഴ്ചയാണെന്നും, ഇത് പരാതിക്കാരിയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഇതിൻ്റെ അടിസ്ഥാനത്തിൽ, അഡ്വാൻസായി നൽകിയ 4,395 രൂപ 7% പലിശ സഹിതം തിരികെ നൽകാനും, മാനസിക ക്ലേശത്തിനും കേസ് ചെലവുകൾക്കുമായി അധിക നഷ്ടപരിഹാരം നൽകാനും പാനൽ നിർദ്ദേശിച്ചു. മൊത്തത്തിൽ, തയ്യൽക്കാരൻ യുവതിക്ക് ഏകദേശം 7,000 രൂപയോളം നൽകേണ്ടി വരും.
The Consumer Commission imposed a significant fine on a tailor, ruling that the failure to deliver a stitched blouse on time constituted a serious service deficiency and a severe lapse in duty. The commission ordered the tailor to pay a large compensation amount to the customer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."