'പ്രതിഭയാണ്, സഞ്ജു സാംസണെ ഒരേ പൊസിഷനിൽ നിലനിർത്തണം'; ഇന്ത്യൻ ടീം മാനേജ്‌മെന്റിന് നിർദേശവുമായി മുൻ കോച്ച്
മുംബൈ: ഓസ്ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കാനിരിക്കെ, ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണിന് പിന്തുണയുമായി ഇന്ത്യയുടെ മുൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ രംഗത്തെത്തി. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് ഒരേ ബാറ്റിംഗ് പൊസിഷൻ നൽകി ലോകകപ്പ് വരെ ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഭിഷേക് നായരുടെ വാക്കുകൾ
"സഞ്ജുവിനെ നോക്കൂ, മധ്യനിരയിൽ കളിപ്പിക്കാൻ അവൻ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് ലോകകപ്പ് വരെ സഞ്ജുവിനെ ഒരേ ബാറ്റിംഗ് പൊസിഷനിൽ തന്നെ കളിപ്പിക്കണം," അഭിഷേക് നായർ പറഞ്ഞു.ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ സഞ്ജുവിന് തിളങ്ങാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ബൗൺസി വിക്കറ്റുകളിൽ പുൾ, കട്ട് ഷോട്ടുകൾ കളിക്കാൻ സഞ്ജു ഇഷ്ടപ്പെടുന്നുവെന്ന് എല്ലാവർക്കും അറിയാം. ഈ സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ ഗെയിമിന് അനുയോജ്യമാകും. സഞ്ജു ഒരു നീണ്ട കാലം ഇന്ത്യൻ ടീമിൽ അർഹിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം
വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം നഷ്ടമായത്.മധ്യനിരയിലേക്ക് മാറ്റപ്പെട്ട സഞ്ജു, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിൽ സമ്മർദ്ദത്തിനിടയിലും ഫൈനലിൽ പാകിസ്ഥാനെതിരെ നേടിയ 24 റൺസ് ഉൾപ്പെടെ നിർണ്ണായക ഇന്നിംഗ്‌സുകൾ കളിച്ചിരുന്നു.ഓപ്പണർ എന്ന നിലയിൽ സഞ്ജുവിന് 39.38 ശരാശരിയും 182.20 സ്ട്രൈക്ക് റേറ്റുമുണ്ട്. ടി20-യിൽ താരം നേടിയ മൂന്ന് സെഞ്ച്വറികളും ഓപ്പണറായിട്ടായിരുന്നു.നിലവിൽ അദ്ദേഹം ബാറ്റ് ചെയ്യുന്ന നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും ശരാശരി 24 റൺസിൽ താഴെയാണ്.ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നാളെ കാൻബറയിലാണ് ആരംഭിക്കുന്നത്. ഈ പരമ്പരയിൽ സഞ്ജുവിന്റെ പ്രകടനം ഏറെ നിർണ്ണായകമാകും.
ഈ പരമ്പരയിൽ തിളങ്ങാൻ സാധിച്ചാൽ സഞ്ജുവിന് ഒരു തകർപ്പൻ നേട്ടവും സ്വന്തമാക്കാൻ സാധിക്കും. ടി-20യിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഇതിനായി സഞ്ജുവിന് വേണ്ടത് 11 സിക്സുകൾ കൂടിയാണ്. നിലവിൽ ഈ നേട്ടം കെഎൽ രാഹുലിന്റെ പേരിലാണ്. 12 സിക്സുകളാണ് താരം കങ്കാരുപ്പടക്കെതിരെ അടിച്ചെടുത്തത്. 11 സിക്സറുകൾ നേടിയ എംഎസ് ധോണിയാണ് പട്ടികയിലെ രണ്ടാമൻ. സഞ്ജു രണ്ട് സിക്സുകളാണ് ഓസ്‌ട്രേലിയക്കെതിരെ നേടിയത്.അതേസമയം 2024 കലണ്ടർ ഇയറിലെ സിയറ്റ് ടി-20 ബാറ്റർ പുരസ്‌കാരം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."