In-depth Story: 50 ജീവനക്കാർ ഉണ്ടോ? ഒരു സ്വദേശി നിർബന്ധം, ലംഘിച്ചാൽ കനത്ത പിഴ, സ്വദേശിവൽക്കരണം കടുപ്പിച്ചു യുഎഇ | UAE Emiratisation
ദുബൈ: ഈ വർഷം ഡിസംബർ 31ന് മുമ്പ് സ്വകാര്യ മേഖലയിലെ കമ്പനികൾ അവരുടെ എമിറേറ്റൈസേഷൻ (സ്വദേശിവൽക്കരണ) ലക്ഷ്യങ്ങൾ കൈവരിക്കണമെന്ന് യു.എ.ഇ മാനവ വിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) ആഹ്വാനം ചെയ്തു. ആവശ്യമായ നിരക്കുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മതിയായ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ 2026 ജനുവരി ഒന്നിന് സാമ്പത്തിക പിഴയാണ് ചുമത്തുകയെന്നും മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങളെ അറിയിച്ചു.
50, അല്ലെങ്കിൽ അതിൽ കൂടുതൽ തൊഴിലാളികളുള്ള കമ്പനികൾക്ക് എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ ബാധകമാണ്. വർഷാവസാനത്തിന് മുമ്പ് വൈദഗ്ധ്യമുള്ള ജോലികൾക്കായി നിയമിക്കപ്പെടുന്ന സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ രണ്ട് ശതമാനം വളർച്ച കൈവരിക്കേണ്ടതുണ്ട്.
20-49 തൊഴിലാളികളെ ജോലിക്കെടുക്കുന്നതും, ദ്രുത ഗതിയിലുള്ള വളർച്ച കൈവരിക്കുന്നതുമായ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുത്ത ഒരു കൂട്ടം സ്ഥാപനങ്ങൾക്കും ഇതേ സമയ പരിധി ബാധകമാണ്. ഇത് അവർക്ക് ജോലി നൽകാനുള്ള ശേഷിയും അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും നൽകുന്നു.
ഈ സ്ഥാപനങ്ങൾ 2026 ജനുവരി ഒന്നിന് മുമ്പ് കുറഞ്ഞത് ഒരു യു.എ.ഇ പൗരനെയെങ്കിലും നിയമിക്കുകയും, അവർക്കായി ഇതിനകം ജോലി ചെയ്യുന്ന പൗരന്മാരെ നിലനിർത്തുകയും വേണം.
പിഴകൾ, നിരീക്ഷണം
നിയമ ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ നടപടികളുണ്ടാകും. മന്ത്രാലയത്തിന്റെ സ്ഥാപന വർഗ്ഗീകരണ സംവിധാന(എസ്റ്റാബ്ലിഷ്‌മെന്റ് ക്ലാസിഫിക്കേഷൻ സിസ്റ്റ)ത്തിനുള്ളിൽ അവയുടെ വർഗ്ഗീകരണം തരം താഴ്ത്തുകയും, സ്റ്റാറ്റസ് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളാണുണ്ടാവുക.
സ്വദേശിവൽക്കരണ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന വിവിധ സ്പെഷ്യലൈസേഷനുകളിൽ നിന്നുള്ള ജോലി അന്വേഷിക്കുന്ന പൗരന്മാരുമായി ബന്ധപ്പെടാൻ നഫീസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ മന്ത്രാലയം കമ്പനികളെ ഉപദേശിച്ചു.
‘വ്യാജ എമിറേറ്റൈസേഷൻ’ പദ്ധതികളും ലക്ഷ്യങ്ങൾ മറികടക്കാനുള്ള ശ്രമങ്ങളും പോലുള്ള ദോഷകരമായ രീതികൾ തടയുന്ന നിരീക്ഷണ സംവിധാനത്തെക്കുറിച്ചും അധികൃതർ ഓർമിപ്പിച്ചു. നൂതന നിർമിത ബുദ്ധി ഉപകരണങ്ങൾ സംയോജിപ്പിച്ചു കൊണ്ട് ഈ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
യു.എ.ഇ പൗരന്മാരോട് രാജ്യത്തിന്റെ എമിറേറ്റൈസേഷൻ നയങ്ങൾ ലംഘിക്കുന്ന കേസുകളും നിയമ ലംഘനങ്ങളും മന്ത്രാലയത്തിന്റെ കോൾ സെന്ററായ 600 590000 എന്ന നമ്പറിലോ, അല്ലെങ്കിൽ സ്മാർട്ട് ആപ്ലിക്കേഷനിലൂടെയോ, വെബ്‌സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യാൻ അധികൃതർ അഭ്യർഥിച്ചു.
വളരുന്ന പ്രതിബദ്ധത
സ്വകാര്യ മേഖലയുടെ തുടക്കം മുതൽ എമിറേറ്റൈസേഷൻ നയങ്ങളും ലക്ഷ്യങ്ങളും നടപ്പാക്കാനുള്ള പ്രതിബദ്ധതയെ യു.എ.ഇ അധികൃതർ പ്രശംസിച്ചു. ഇത് സ്വകാര്യ കമ്പനികളുടെ അനുസരണത്തിന്റെ വ്യാപ്തി, ദേശീയ-സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള അവബോധം, ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും തൊഴിൽ വിപണിയിൽ സ്വദേശി പൗരന്മാരെ ശാക്തീകരിക്കുന്നതിലും അവർ സജീവമായി നൽകിയ സംഭാവന എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
നഫീസ് പ്രോഗ്രാമും അതിന്റെ വിശാലമായ ആനുകൂല്യങ്ങളും മുതൽ എമിറേറ്റൈസേഷൻ പാർട്ണേഴ്‌സ് ക്ലബ് വരെ വിവിധ തരത്തിലുള്ള പിന്തുണ ഈ കമ്പനികൾ തുടർന്നും ആസ്വദിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.
ക്ലബ്ബിനൊപ്പം, എമിറേറ്റൈസേഷനിൽ അസാധാരണ ഫലങ്ങൾ നേടുന്ന കമ്പനികൾക്ക് മന്ത്രാലയം സേവന ഫീസിൽ 80 ശതമാനം വരെ സാമ്പത്തിക കിഴിവുകളും, സർക്കാർ സംഭരണ സംവിധാനത്തിലെ മുൻഗണനാ പദവിയും ഉൾപ്പെടെ മെച്ചപ്പെട്ട മത്സര നേട്ടങ്ങളും ആനുകൂല്യങ്ങളും നൽകും. ഇത് അവരുടെ ബിസിനസ് വളർച്ചാ അവസരങ്ങൾ വർധിപ്പിക്കുമെന്നും അധികൃതർ വിശദീകരിച്ചു.
Summary: The Ministry of Human Resources and Emiratisation (MoHRE) has stepped up pressure on private-sector firms to fulfil Emiratisation requirements, cautioning that financial and legal measures await companies that miss the year-end deadline. This move spotlights the demand for employers to integrate Emiratis into skilled positions, reinforcing national employment strategies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."