കേരളക്കരയിലുമുണ്ട് ഒരു ഒന്നാംഘട്ട വോട്ടെടുപ്പ്; മാഹി വേറെ ലെവലാണ്
കണ്ണൂര്‍: ഏപ്രില്‍ 26നാണല്ലോ നാം പോളിങ് ബൂത്തില്‍ പോവുക. എന്നാല്‍ അതിനും ഒരാഴ്ചമുമ്പ് വോട്ടെടുപ്പ് നടക്കുന്ന ഒരിടമുണ്ട് കേരളത്തില്‍. കോഴിക്കോട്-കണ്ണൂര്‍ ജില്ലകള്‍ അതിരിടുന്ന മാഹിയില്‍ ഈമാസം 19നാണ് വോട്ടെടുപ്പ്. രാജ്യത്ത് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 13 സംസ്ഥാനങ്ങളില്‍ ഒന്ന് കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയാണ്. പുതുച്ചേരിയുടെ ഭാഗമായതിനാലാണ് മാഹിയിലും 19ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കശ്മിരും ലക്ഷദ്വീപുമാണ് ആദ്യഘട്ടത്തില്‍ പോളിങ് നടക്കുന്ന മറ്റ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് മാഹി. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം കഴിഞ്ഞതോടെ പുതുച്ചേരിയുടെ മത്സരചിത്രം തെളിഞ്ഞു. 26 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
മാഹിയെപ്പോലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുന്ന മറ്റൊരിടം രാജ്യത്തുണ്ടോ എന്നു സംശയമാണ്. അത്രമേല്‍ കര്‍ശനവും അതിലേറെ സവിശേഷവുമാണ് മാഹിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.
രാഷ്ട്രീയക്കൂട്ടിലും ചേരുവ വ്യത്യസ്തം
കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലാണ് പ്രധാന മത്സരമെങ്കില്‍ മാഹിയില്‍ ഇരു പാര്‍ട്ടികളും ഭായി -ഭായിയാണ്. തമിഴ്നാട്ടില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ ഡി.എം.കെ നയിക്കുന്ന മുന്നണിയിലാണ് സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള കക്ഷികള്‍. അതേ മുന്നണി തന്നെയാണ് പുതുച്ചേരിയിലും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യ എതിരാളി ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യവും. എ.ഐ.എ.ഡി.എം.കെ തനിച്ചാണ് മത്സരിക്കുന്നത്. പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും നിലവിലെ എം.പിയുമായ വി.വൈത്തിലിംഗമാണ് ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ഥി. ബി.ജെ.പി സര്‍ക്കാരിലെ ആഭ്യന്തര, വിദ്യാഭ്യാസമന്ത്രി എ.നമശിവായം എതിര്‍ സ്ഥാനാര്‍ഥിയും. തൊട്ടുകിടക്കുന്ന തലശേരിയിലും വടകരയിലും കോണ്‍ഗ്രസിനെതിരേ പോരു കടുപ്പിക്കുമ്പോള്‍ മാഹിയിലെത്തിയാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കേണ്ട ഗതികേടിലാണ് സി.പി.എം.
31 ബൂത്തുകള്‍; 23ലും വനിതകള്‍ നയിക്കും
ഒമ്പത് ചതുരശ്ര കി.മീറ്ററാണ് മാഹിയുടെ വിസ്തൃതി. 31,038 വോട്ടര്‍മാരില്‍ 16,653 പേര്‍ സ്ത്രീകളും 14,357പുരുഷന്മാരുമാണ്.
31 പോളിങ് ബൂത്തുകളാണുള്ളത്. അതില്‍ 23 ബൂത്തുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. 31 ബൂത്തിലും വനിതാ ജീവനക്കാരെ മാത്രം നിയോഗിക്കാനും സാധ്യതയുണ്ടെന്നറിയുന്നു.
അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അപൂര്‍വതയ്ക്കാകും ഇത്തവണ മാഹി സാക്ഷ്യംവഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."