ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മർദിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു ഭർത്താവ്; യുവതിയുടെ നില ഗുരുതരം
ലഖ്‌നൗ: ശാരീരികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ക്രൂരമായി മർദിച്ച് രണ്ടുനില കെട്ടിടത്തിൽനിന്ന് താഴേക്ക് തള്ളിയിട്ടു. ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിനിയായ 26 വയസ്സുള്ള തീജയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2022-ലാണ് തീജയും ഭർത്താവ് മുകേഷ് ആഹിർവാറും വിവാഹിതരായത്. ആദ്യമൊക്കെ ഇവരുടെ ദാമ്പത്യം നല്ല നിലയിൽ മുന്നോട്ട് പോയിരുന്നു.എന്നാൽ, പിന്നീട് മുകേഷ് ഇടയ്ക്കിടെ വീട്ടിൽനിന്ന് മാറിനിൽക്കാൻ തുടങ്ങി. ഇങ്ങനെ മാറിനിന്ന ശേഷം തിരിച്ചെത്തുമ്പോൾ ഇയാൾ ഭാര്യയെ ക്രൂരമായി മർദിക്കുന്നത് പതിവായിരുന്നുവെന്ന് യുവതി പൊലിസിന് മൊഴി നൽകി.
ദിവസങ്ങളോളം വീട്ടിൽനിന്ന് മാറിനിന്ന മുകേഷ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരിച്ചെത്തിയത്. തുടർന്ന് ഇയാൾ ഭാര്യയെ മർദിക്കുകയും ശാരീരികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു.യുവതി ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതനായ മുകേഷ്, തീജയെ രണ്ടുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.
നിലത്തുവീണ യുവതിയുടെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. ഗുരുതരമായി പരിക്കേറ്റ തീജയെ ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം പ്രതിയായ മുകേഷ് ആഹിർവാറിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."