കൂട്ടുകാരിയുടെ വീട്ടിൽക്കയറി 2 ലക്ഷവും ഫോണും കവർന്നു; വനിതാ ഡിഎസ്പി സിസിടിവിയിൽ കുടുങ്ങി, ഒളിവിൽ
ഭോപാൽ: കൂട്ടുകാരിയുടെ വീട്ടിൽനിന്ന് മൊബൈൽഫോണും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ മധ്യപ്രദേശ് പൊലിസിലെ വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ഡിഎസ്പി)ക്കെതിരേ കേസെടുത്തു. മധ്യപ്രദേശ് പൊലിസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഡിഎസ്പി കൽപന രഘുവംശിയാണ് മോഷണക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയത്.
ഭോപാലിലെ ജഹാംഗീറാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.ഡിഎസ്പി കൽപന രഘുവംശിക്കെതിരേ അവരുടെ സുഹൃത്തായ യുവതിയാണ് മോഷണക്കുറ്റത്തിന് പരാതി നൽകിയത്.മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വെച്ച് കുളിക്കാൻ പോയ സമയത്താണ് ഡിഎസ്പി കൽപന വീട്ടിൽ കയറിയതെന്നാണ് പരാതിക്കാരി പറയുന്നത്.യുവതി കുളിക്കാൻ കയറിയ തക്കംനോക്കി കൽപന വീട്ടിൽ പ്രവേശിക്കുകയും, ബാഗിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മൊബൈൽഫോണും മോഷ്ടിക്കുകയുമായിരുന്നു.കുളി കഴിഞ്ഞ് തിരിച്ചെത്തിയ യുവതിക്ക് ഫോണും പണവും നഷ്ടമായെന്ന് മനസ്സിലായതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
സിസിടിവി തെളിവ്
സിസിടിവി ദൃശ്യങ്ങളിൽ, സുഹൃത്തും പൊലിസ് ഉദ്യോഗസ്ഥയുമായ കൽപന വീട്ടിൽ പ്രവേശിക്കുന്നതും, കൈയിൽ നോട്ടുകെട്ടുകളുമായി തിരികെ പോകുന്നതും വ്യക്തമായി പതിഞ്ഞിരുന്നു.കൽപനയാണ് മോഷണം നടത്തിയതെന്ന് ഉറപ്പിച്ചതോടെ യുവതി സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലിസിൽ പരാതി നൽകി.
കേസെടുത്തതിന് പിന്നാലെ ഡിഎസ്പി കൽപന രഘുവംശി ഒളിവിൽ പോവുകയായിരുന്നു. ഇവർക്കായി പൊലിസ് വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുകയാണ്.ഡിഎസ്പിയുടെ വീട്ടിൽ പൊലിസ് നടത്തിയ പരിശോധനയിൽ മോഷണം പോയ മൊബൈൽ ഫോൺ കണ്ടെടുത്തു. എന്നാൽ, രണ്ട് ലക്ഷം രൂപ കണ്ടെടുക്കാൻ സാധിച്ചില്ലെന്നും പൊലിസ് അറിയിച്ചു.പൊലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ ഡിഎസ്പിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായുള്ള നീക്കം ആഭ്യന്തരവകുപ്പ് ആരംഭിച്ചതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."