മാസപ്പടി കേസ്: ഹൈക്കോടതി ജഡ്ജി പിന്മാറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.എം. ശ്യാം കുമാർ പിന്മാറി. ഇന്ന് ഹരജി പരിഗണനയ്‌ക്കെത്തിയപ്പോഴാണ് അദ്ദേഹം കാരണം വ്യക്തമാക്കാതെ പിന്മാറ്റം അറിയിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇനി ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുക. മുഖ്യമന്ത്രിയുടെ മകൾ ടി. വീണ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് ഹരജിയിലുള്ളത്.
ഡൽഹിയിലും വാദം നീളുന്നു: സിഎംആർഎൽ കേസ് ജനുവരിയിലേക്ക്
അതേസമയം, മാസപ്പടി കേസിൽ ഡൽഹി ഹൈക്കോടതിയിലെ അന്തിമ വാദം കേൾക്കലും വീണ്ടും മാറ്റി. എസ്എഫ്ഐഒ (SFIO) അന്വേഷണത്തിനും തുടർ നടപടികൾക്കുമെതിരെ സിഎംആർഎൽ കമ്പനി നൽകിയ ഹരജിയിലെ വാദം കേൾക്കലാണ് 2026 ജനുവരി 13-ലേക്ക് മാറ്റിയത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോൾ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നില്ല.
തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിവെച്ചത്. "സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ല," എന്ന് സിഎംആർഎല്ലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പരിഹസിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐഒയും സി.എം.ആർ.എല്ലും നേരത്തെ പരസ്പരം ആരോപിച്ചിരുന്നു. കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയിൽ കോടതി കേന്ദ്രത്തിന് നോട്ടീസയക്കുകയും, ഇത് എഎസ്‌ജി (ASG) വഴി നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."