പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തു; അക്കൗണ്ടിലൂടെ 29 ലക്ഷത്തിന്റെ അനധികൃത ഇടപാടുകൾ; പ്രതി അറസ്റ്റിൽ
തൃശൂർ: ഓൺലൈൻ പാർട്ട് ടൈം ജോലിയുടെ പേരിൽ 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ കതിരൂർ പുളിയോട് സ്വദേശി സി. വിനീഷ് (39) ആണ് തൃശൂർ റൂറൽ സൈബർ പൊലിസിന്റെ പിടിയിലായത്. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ആദർശ് (32) എന്നയാളിൽ നിന്നാണ് പ്രതി പണം തട്ടിയെടുത്തത്.
'ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ' എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സ്റ്റാർ റേറ്റിംഗ് നൽകുന്ന ഓൺലൈൻ ജോലി ചെയ്താൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വാട്സാപ്പിലൂടെ ബന്ധപ്പെട്ട പ്രതി, ടെലഗ്രാം അക്കൗണ്ട് നൽകിയും സന്ദേശങ്ങൾ അയച്ചും വിവിധ പ്രീപെയ്ഡ് ടാസ്ക്കുകളും റിവ്യൂ ടാസ്ക്കുകളും ആദർശിനെക്കൊണ്ട് ചെയ്യിപ്പിച്ചു.
പല കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി 5,28,000 രൂപ ആദർശിന്റെ കൈയ്യിൽ നിന്ന് വിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു വാങ്ങി. പരാതിക്കാരന് നഷ്ടമായ തുകയിൽ 58,000 രൂപ വിനീഷിന്റെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് സാധ്യമായത്.
പ്രതിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. വിനീഷിന്റെ അക്കൗണ്ടിലൂടെ 29,20,000 രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ നടന്നതായി കണ്ടെത്തി. കൂടുതൽ തട്ടിപ്പുകൾക്കായി പുതിയ സിം കാർഡ്, പാസ്ബുക്ക്, എ.ടി.എം. കാർഡ്, ചെക്ക് ബുക്ക് എന്നിവ 10,000 രൂപ കമ്മീഷന് വാങ്ങി മറ്റൊരാൾക്ക് കൈമാറിയതായും സ്ഥിരീകരിച്ചു.
ഈ അക്കൗണ്ട് വഴി തട്ടിപ്പ് പണം കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ വിനീഷിനെതിരെ നിലവിലുണ്ട്. തൃശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ജി.എസ്.ഐ. ജെസ്റ്റിൻ കെ.വി., സി.പി.ഒ. ശ്രീയേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."