ബഹുഭാര്യത്വം, 'ലൗ ജിഹാദ്': അസമില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വര്‍ഗീയ അജണ്ടകള്‍ പുറത്തെടുത്ത് ബി.ജെ.പി
ന്യൂഡല്‍ഹി: അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബഹുഭാര്യത്വം, 'ലൗ ജിഹാദ്' പോലുള്ള വിവാദ ബില്ലുകളുമായി ഹിമന്തബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍. ബഹുഭാര്യത്വം കുറ്റകരമാക്കുന്ന തരത്തിലാണ് ബില്ല് കൊണ്ടുവരുന്നത്. ഇതുപ്രകാരം ഒരു ഭാര്യ നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. മുസ്ലിം പുരുഷന്‍മാര്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നത് തടയുന്ന വിധത്തിലുള്ള നിര്‍ദേശങ്ങളാണ് 'ലവ് ജിഹാദ്' നിയമത്തിലുള്ളത്.
ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ബഹുഭാര്യത്വ നിയമം ഉള്‍പ്പെടെയുള്ള നിരവധി പ്രത്യേക നിയമങ്ങള്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ഹിമന്തബിശ്വ ശര്‍മ്മ പറഞ്ഞു. നിയമപരമായ വിവാഹമോചനമില്ലാതെ രണ്ടാമതും വിവാഹം കഴിക്കുന്ന ആര്‍ക്കും ഏഴ് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്ന് ഹിമന്ത പറഞ്ഞു. പുതിയ നിയമപ്രകാരം ലവ് ജിഹാദ് കേസുകളില്‍ പുരുഷനെ മാത്രമല്ല, അവന്റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യും. മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് അര്‍ഹരായിരിക്കില്ല. ചിലര്‍ പറയുന്നത് അല്ലാഹു തങ്ങള്‍ക്ക് കുട്ടികളെ നല്‍കുന്നുവെന്നാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര കുട്ടികളുണ്ടാക്കാം. പക്ഷേ അവരെ വളര്‍ത്തുന്നതിനോ സ്‌കൂളില്‍ അയക്കാനോ സര്‍ക്കാര്‍ സഹായം പ്രതീക്ഷിക്കേണ്ട- അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക അസ്വസ്ഥത ഉണ്ടാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ആക്ടിവിസ്റ്റുകളും പ്രതിപക്ഷകക്ഷികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഖുദായ് ഖിദ്മത്ഗര്‍ അസം പ്രാന്‍ പ്രസിഡന്റും ഗുവാഹത്തി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഇല്യാസ് അഹമ്മദ് പറഞ്ഞു. വ്യക്തിനിയമം പിന്തുടരാന്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നിട്ടും മുഖ്യമന്ത്രി ഭരണഘടനാപരമായ സംരക്ഷണങ്ങളെ അവഗണിക്കുകയും മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നിയമങ്ങള്‍ നടപ്പാക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹുഭാര്യത്വം സാംസ്‌കാരികമായി അംഗീകരിക്കുകയും അത് പരമ്പരാഗതമായി ആചരിക്കപ്പെടുകയും ചെയ്യുന്ന മികിര്‍, കാര്‍ബി, കച്ചാരി, നാഗ, മിഷിങ്, ദിമാസാ എന്നിവയുള്‍പ്പെടെ 23 ഗോത്രവര്‍ഗ സമൂഹങ്ങള്‍ അസമിലുണ്ട്. ഇതൊക്കെയാണെങ്കിലും സര്‍ക്കാരിന്റെ ശ്രദ്ധ മുസ്ലിംകളില്‍ ഒതുങ്ങിനില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹുഭാര്യത്വം നിരോധിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായി നീങ്ങുകയാണെങ്കില്‍ അതില്‍ എല്ലാ സമുദായങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ദിബ്രുഗഡില്‍ നിന്നുള്ള ആക്ടിവിസ്റ്റ് രഞ്ജിത് ഹസാരിക പറഞ്ഞു. ഇതിനകം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹം മുസ്ലിംകളിലെ മാത്രം ബഹുഭാര്യത്വമാണ് വിഷയമാക്കുന്നതെന്നാണ്. ഈ വിവേചനപരമായ സമീപനം വ്യക്തമായ സാമുദായികതയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."