കെ.എസ്.ആർ.ടി.സിയിൽ ബ്ലാക്ക് സ്മിത്ത് ഗ്രേഡ് 2; മുസ്‌ലിം സംവരണത്തിൽ നിയമനം മുടങ്ങിയിട്ട് ഒമ്പത് വർഷം
മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ ബ്ലാക്ക് സ്മിത്ത് ഗ്രേഡ് 2 എൻ.സി.എ (മുസ്‌ലിം) വിഭാഗത്തിൽ സംവരണതസ്തികയിൽ ഒമ്പത് വർഷമായിട്ടും നിയമനമില്ല. എന്നാൽ ഈ വിഭാഗത്തിലുള്ളവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താൽക്കാലികമായി നിയമിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിട്ടുണ്ട്. വിവേചനപരമായ നടപടികൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഉദ്യോഗാർഥികൾ.
2009ൽ കാറ്റഗറി നമ്പർ 470/09 കെ.എസ്.ആർ.ടി.സി ബ്ലാക്ക്‌സ്മിത്ത് ഗ്രേഡ് 2 ജനറൽ തസ്തിക വഴി 500 പേരെ നിയമിച്ചിരുന്നു. ഇതിൽ മുസ്‌ലിം വിഭാഗത്തിൽ 41 പേരുടെ ഒഴിവുണ്ടായിരുന്നു. 2016ൽ വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിൽ മുസ്‌ലിം വിഭാഗത്തിൽ 41ഉദ്യോഗാർഥികളാണ് അപേക്ഷിച്ചത്. മുഴുവൻ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകളും പരിശോധന പൂർത്തിയാക്കിയെങ്കിലും നിയമനം നടത്തിയിട്ടില്ല.
സാധാരണ രണ്ട് വർഷം കൊണ്ട് നിയമനം നടക്കാറുണ്ടെന്ന് ഉദ്യോഗാർഥികൾ പറയുന്നു. കഴിഞ്ഞ ഒമ്പത് വർഷമായിട്ടും നിയമനമായിട്ടില്ല. അതിനിടെ കെ.എസ്.ആർ.ടി.സി പി.എസ്.സി നിയമനം നിർത്തിയതിന്റെ ഭാഗമായി ഈ തസ്തികയും 2019ൽ മരവിപ്പിച്ചതായി മറുപടി ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കൂടുതലായതിനാലാണ് നിയമനം നടത്താത്തതെന്നാണ് വാദം.
അതിനിടെ പി.എസ്.സിയെ അറിയിക്കാതെ തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താൽക്കാലികക്കാരെ നിയമിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഉത്തരവിറങ്ങിയത്. സെൻട്രൽ, റീജിണൽ വർക്ക്‌ഷോപ്പുകളിൽ ബസ്സുകളുടെ അറ്റകുറ്റപ്പണികളുടെ ജോലികൾ നാലു ജില്ലകളിൽ നിന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ബ്ലാക്ക് സ്മിത്ത്, മെക്കാനിക്കൽ വിഭാഗത്തിലെ ഐ.ടി.ഐ യോഗ്യതയുള്ള 115 ഉദ്യോഗാർഥികളെയാണ് താൽക്കാലികമായി നിയമിക്കുന്നത്. തിരുവനന്തപുരം 40, ആലപ്പുഴ 22, എറണാകുളം 18, മലപ്പുറം 18, കോഴിക്കോട് 17 പേരേയുമാണ് നിയമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."