ഷീറ്റ്, ഓട് റൂഫിങ്ങിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; 100 ച. മീറ്റര്‍ വീടുകള്‍ക്ക് ദൂരപരിധി ഒരു മീറ്റര്‍ മതി
തിരുവനന്തപുരം: വീട് നിര്‍മിക്കുന്നവര്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്തുന്നവര്‍ക്കും ഇതാ ഒരു ആശ്വാസ വാര്‍ത്ത. ചോര്‍ച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളില്‍ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയാന്‍ ഇനി മുതല്‍ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, ടെറസില്‍ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററില്‍ കൂടരുത്. ഇളവ് അനുവദിച്ചു കൊണ്ട് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വരുത്തിയ മാറ്റം നിലവില്‍ വന്നു.
300 ച.മീറ്റര്‍ വരുന്ന താമസകെട്ടിടങ്ങള്‍ക്ക് മുന്‍വശത്തും പിന്‍വശത്തും പരമാവധി 15 ച. മീറ്റര്‍ വരെ വിസ്തൃതിയില്‍ റോഡില്‍ നിന്നും ചുരുങ്ങിയത് 60 സെ.മീ ദൂരം പാലിച്ച് ഷീറ്റ് റൂഫിങ് നിര്‍മ്മിക്കുന്നതും അനുവദനീയമാക്കിയിട്ടുണ്ട്.
കൂടാതെ സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭിക്കുന്ന കെട്ടിടങ്ങളുടെ ഗണത്തില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തി. നിലവില്‍ 300 ച. മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ളതും രണ്ട് നില വരെയുള്ളതും ഏഴ് മീറ്റര്‍ ഉയരവുമുള്ള വീടുകളാണ് ഇതില്‍ ഉള്‍പെട്ടിരുന്നത്. ഇതില്‍ നിന്ന് ഉയരത്തിന്റെ പരിധി ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ, ഇനിമുതല്‍, ഉയരം പരിഗണിക്കാതെ തന്നെ രണ്ടുനില വരെയുള്ള 300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അധികരിക്കാത്ത എല്ലാ കെട്ടിടങ്ങള്‍ക്കും ഉദ്യോഗസ്ഥ ഇടപെടലോ പരിശോധനകളോ ഇല്ലാതെ തത്സമയം അനുമതി ലഭിക്കും. ഇതുവഴി ഏകദേശം 80 ശതമാനത്തോളം വീടുകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചാലുടന്‍ നിര്‍മ്മാണാനുമതി ലഭിക്കും.
രണ്ട് സെന്റില്‍ 100 ച. മീറ്റര്‍ വീടുകള്‍ക്ക് റോഡ് ദൂരപരിധി ഇനി മുതല്‍ ഒരു മീറ്റര്‍
രണ്ട് സെന്റ് ഭൂമിയിലെ 100 ച. മീറ്ററില്‍ കവിയാത്ത വീടുകള്‍ക്ക് റോഡില്‍നിന്നുള്ള ദൂരം ഇനി ഒരു മീറ്റര്‍ മതിയാകും. മൂന്ന് മീറ്ററില്‍ കവിയാത്ത വീതിയുള്ള, വിജ്ഞാപനം ചെയ്യാത്ത റോഡില്‍നിന്നുള്ള നിര്‍ബന്ധിത ദൂരം രണ്ട് മീറ്ററായിരുന്നു ഇതുവരെ. ഇതുള്‍പ്പെടെ ചെറിയ വീടുകള്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന തരത്തില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ വ്യാപക ഭേദഗതികള്‍ വരുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരിക്കുന്നത്.
ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇളവുകള്‍
ഭേദഗതിയില്‍ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇളവുകളുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള േഫ്‌ലാര്‍ മില്‍, ഫുഡ് പ്രോസസിങ് യൂനിറ്റ്, ബേക്കറി തുടങ്ങിയവക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. 300 ച. മീറ്റര്‍ വരെയുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍ക്കും താമസ കെട്ടിടങ്ങള്‍ക്കും സമാന ഇളവുകള്‍ ലഭിക്കും
117 ചട്ടങ്ങളില്‍ 53 എണ്ണത്തില്‍ ഭേദഗതി
ആകെയുള്ള 117 ചട്ടങ്ങളില്‍ 53 എണ്ണത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രി അറിയിച്ചു. ഒരു ചട്ടം ഒഴിവാക്കി രണ്ടെണ്ണം പുതുതായി ഉള്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. പെര്‍മിറ്റ് കാലാവധി ദീര്‍ഘിപ്പിക്കാനുള്ള ഫീസ് പകുതിയായി കുറച്ചിട്ടുണ്ട്. 10 വര്‍ഷത്തിനുശേഷം പെര്‍മിറ്റ് പുതുക്കുമ്പോള്‍ നിലവിലെ ഫീസിന്റെ ഇരട്ടി അടക്കേണ്ട അവസ്ഥ ഇനിയുണ്ടാവില്ല. അത് പകുതിയായി കുറയും. പെര്‍മിറ്റ് മറികടന്ന് നിര്‍മാണം നടത്തിയാലുള്ള റഗുലറൈസേഷന്‍ പിഴയും കുറച്ചിരിക്കുകയാണ്. 300 ച. മീറ്ററിന് പെര്‍മിറ്റ് എടുത്തശേഷം 350 ചതുരശ്ര മീറ്ററില്‍ നിര്‍മാണം നടത്തിയാല്‍, 350 ച. മീറ്ററിനും പെര്‍മിറ്റ് ഫീസിന്റെ ഇരട്ടി പിഴ അടക്കണമെന്നതായിരരുന്നു നിലവിലെ ചട്ടം. പുതുക്കിയ ചട്ടപ്രകാരം അധികമായി നിര്‍മിച്ച 50 ച. മീറ്ററിന് മാത്രം പിഴ അടച്ചാല്‍ മതി.
ഒരു സ്ഥലത്തിന് പെര്‍മിറ്റ് എടുത്തശേഷം അതിന്റെ ഭാഗം വില്‍ക്കുകയോ ദാനം ചെയ്യുകയോ റോഡിനായി വിട്ടുനല്‍കുകയോ ചെയ്താലും പെര്‍മിറ്റ് റദ്ദാകില്ല. ഭൂമിയുടെ ഒരു ഭാഗം കൈമാറിയാലും ബാക്കി സ്ഥലത്ത് അനുവദിച്ച പെര്‍മിറ്റ് പ്രകാരം ചട്ടലംഘനമില്ലാതെ കെട്ടിടം നിര്‍മിച്ചാല്‍ പെര്‍മിറ്റ് നിലവിലുണ്ടാകും.
മറ്റ് ഭേദഗതികള്‍
ജില്ല ടൗണ്‍ പ്ലാനറുടെ ലേ ഔട്ട് അനുമതിയില്ലാതെ സെക്രട്ടറിക്കുതന്നെ നിര്‍മാണാനുമതി നല്‍കാവുന്ന കെട്ടിടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചു. ഇതനുസരിച്ച്
മെഡിക്കല്‍, ഹോസ്പിറ്റല്‍ കെട്ടിടങ്ങള്‍ക്ക് 1500 ച. മീറ്ററില്‍നിന്ന് 6000 ച. മീറ്ററിനു മുകളില്‍.
അസംബ്ലി, വ്യവസായ വിഭാഗത്തിലുള്ള കെട്ടിടങ്ങള്‍ക്ക് 3000 ച. മീറ്ററിനു മുകളില്‍.
സ്റ്റോറേജ് വിഭാഗത്തിലുള്ള കെട്ടിടങ്ങള്‍ക്ക് 8000 ച. മീറ്ററിനു മുകളില്‍.
ഹസാര്‍ഡസ് വിഭാഗത്തിലുള്ള കെട്ടിടങ്ങള്‍ക്ക് 500 ച. മീറ്ററിനു മുകളില്‍ എന്നിങ്ങനെയാണ് വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുന്നത്. ടര്‍ഫ്, ഗെയിം കോര്‍ട്ടുകള്‍ എന്നിവ നിയന്ത്രണം കുറഞ്ഞ വിഭാഗത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടങ്ങളുടെ പാര്‍ക്കിങ് നിബന്ധനകളും കാലോചിതമായി പരിഷ്‌കരിച്ചിട്ടുണ്ട്- മന്ത്രി വിശദമാക്കി.
good news for those building or repairing houses — local body approval is no longer required for roofing works using sheets or tiles to prevent leakage or for drying clothes. the exemption applies to houses up to three floors, provided the height from terrace to roof does not exceed 2.4 meters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."