യൂറോപ്പിൽ ചരിത്രമെഴുതി ബയേൺ മ്യൂണിക്; തകർത്തത് 33 വർഷത്തെ എ.സി മിലാന്റെ റെക്കോർഡ്
ജർമൻ കപ്പിന്റെ രണ്ടാം റൗണ്ടിൽ വമ്പൻ വിജയമാണ് ബയേൺ മ്യൂണിക് കൈപ്പിടിയിലാക്കിയത്. കോളോണിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ജർമൻ വമ്പന്മാർ വിജയകുതിപ്പ് തുടരുന്നത്. ഈ സീസണിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ബയേൺ കുതിക്കുന്നത്. ഈ സീസണിലെ ബയേൺ മ്യൂണിക്കിന്റെ തുടർച്ചയായ 14ാം വിജയമായിരുന്നു.
ഇതോടെ ഒരു സീസണിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡും ബയേൺ സ്വന്തമാക്കി. ഇറ്റാലിയൻ വമ്പന്മാരായ എസി മിലാന്റെ റെക്കോർഡ് തകർത്താണ് ജർമൻ വമ്പന്മാരുടെ തേരോട്ടം. 1992-93 സീസണിൽ 13 മത്സരങ്ങൾ വിജയിച്ചുകൊണ്ടാണ് എസി മിലാൻ റെക്കോർഡ് സ്ഥാപിച്ചത്. ഇപ്പോൾ ഈ അപരാജിത കുതിപ്പിലൂടെ ബയേൺ 33 വർഷത്തെ ഈ റെക്കോർഡും തകർത്തിരിക്കുകയാണ്
✨1️⃣4️⃣ 𝗚𝗔𝗠𝗘𝗦 - 1️⃣4️⃣ 𝗪𝗜𝗡𝗦 ✨
— FC Bayern (@FCBayernEN) October 29, 2025
Best start in Europe’s Top-5 leagues 💪 pic.twitter.com/Qi6Pi5oXgh
മത്സരത്തിൽ ബയേൺ മ്യൂണിക്കിനായി ഇംഗ്ലീഷ് സൂപ്പർതാരം ഹാരി കെയ്ൻ ഇരട്ട ഗോൾ നേടി തിളങ്ങി. ഈ സീസണിൽ ഇതുവരെ താരം 22 ഗോളുകൾ നേടികൊണ്ടാണ് മുന്നേറുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെൽജിയം ടീമായ ക്ലബ് ബ്രഗ്ഗിനെതിരെയും താരം ഒരു ഗോൾ നേടിയിരുന്നു. താരത്തിന്റെ 20ാം ഗോളായിരുന്നു ഇത്. ഇതോടെ ഇതിഹാസ താരങ്ങളായ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരിലുണ്ടായിരുന്ന ഒരു അപൂർവ റെക്കോർഡും കെയ്ൻ തകർത്തിരുന്നു. ഒരു സീസണിൽ ഏറ്റവും വേഗത്തിൽ 20 ഗോളുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡിലേക്കാണ് കെയ്ൻ നടന്നു കയറിയത്. വെറും 12 മത്സരങ്ങളിൽ നിന്നുമാണ് താരം ബയേണിനായി 20 ഗോളുകൾ അടിച്ചുകൂട്ടിയത്.
2014-15 സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി വെറും 13 മത്സരങ്ങളിൽ നിന്നുമായിരുന്നു റൊണാൾഡോ 20 ഗോളുകൾ നേടിയത്. അതേസമയം മെസി ഒരു സീസണിൽ 20 ഗോളുകൾ നേടിയത് 17 മത്സരങ്ങളിൽ നിന്നുമായിരുന്നു. മൂന്ന് സീസണുകളിൽ മെസി ഇത്തരത്തിൽ 17 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
കെയ്നിന് പുറമെ ബയേൺ മ്യൂണിക്കിനായി ലൂയിസ് ഡയസ്, മൈക്കൽ ഒലീസ് എന്നിവരും ഗോൾ സ്കോർ ചെയ്തു. റാഗ്നർ അച്ചെയാണ് കോളോണിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്.
Bayern Munich secured a huge victory in the second round of the German Cup. The German giants continued their winning streak by defeating Cologne 4-1. It was Bayern Munich's 14th consecutive victory this season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."