വിഷക്കൂൺ വിനയായി; കുടുംബം ആശുപത്രിയിൽ,തക്കം നോക്കി വീട്ടിൽ വൻ കവർച്ച
തിരുവനന്തപുരം: വിഷക്കൂൺ കഴിച്ച് വീട്ടുകാർ ആശുപത്രിയിലായിരിക്കെ, ആ തക്കം നോക്കി വീട്ടിൽ മോഷണം നടത്തിയ രണ്ടംഗ സംഘം നെയ്യാർഡാം പൊലിസിന്റെ പിടിയിലായി. കാരിക്കുഴി സ്വദേശികളായ കുക്കു എന്ന ടോണി (41), ലിനു (32) എന്നിവരാണ് അറസ്റ്റിലായത്.
കാരിക്കുഴി കുമ്പിച്ചൽ കടവ് സ്വദേശി മോഹനൻകാണിയും ആറംഗ കുടുംബവും വിഷക്കൂൺ കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ 9 ദിവസമായി കാരക്കോണം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീട് ആകെ അലങ്കോലമായ നിലയിൽ കണ്ടെത്തിയത്. കൂടാതെ, വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയതായും ശ്രദ്ധയിൽപ്പെട്ടു.
മോഹനൻകാണി നൽകിയ മൊഴിയെ തുടർന്ന് നെയ്യാർഡാം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡാം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വിശദമായ തെളിവെടുപ്പിനും അന്വേഷണത്തിനും ഒടുവിലാണ് പ്രതികളെ പിടികൂടിയത്.മോഷ്ടിക്കപ്പെട്ടവ സാധനങ്ങൾ 45 കിലോ റബർ ഷീറ്റ്,30 കിലോ ഒട്ടുപാൽ,രണ്ട് ചാക്ക് അടക്ക എന്നിവയാണ്.രണ്ടംഗ സംഘം പിടിയിലായെങ്കിലും, മോഷണത്തിൽ പങ്കെടുത്ത പാച്ചൻ എന്ന് വിളിക്കുന്ന റെജി (48) എന്ന മൂന്നാമൻ ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലിസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."