സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി; ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണം കൊലപാതകം; കളരിപ്പയറ്റ് പരിശീലകനും ഭാര്യയും പിടിയിൽ
ബെംഗളൂരു: റോഡപകടമെന്ന് കരുതിയ ബൈക്ക് യാത്രക്കാരനായ ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിലായി.
ഒക്ടോബർ 25-ന് പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് ദർശൻ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം നടന്നത്. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലിസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിലേക്ക് നയിച്ച സംഭവം
കാറിന്റെ കണ്ണാടിയിൽ ദർശന്റെ ബൈക്ക് തട്ടിയതിനെ തുടര്‍ന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.തർക്കത്തിനൊടുവിൽ ദർശൻ ക്ഷമാപണം നടത്തി ഭക്ഷണ വിതരണത്തിനായി പോവുകയായിരുന്നു.എന്നാൽ, മനോജ് കുമാർ കാറുമായി ബൈക്കിനെ പിന്തുടർന്നു.അമിത വേഗത്തിൽ വന്ന കാർ, ദർശന്റെ ബൈക്കിന്റെ പിന്നിൽ മനഃപൂർവം ഇടിക്കുകയായിരുന്നു.നാട്ടുകാർ ഉടൻതന്നെ ദർശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദർശൻ്റെ സഹോദരി ജെപി നഗർ ട്രാഫിക് പൊലിസിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് കേസിൽ വഴിത്തിരിവായത്.അപകടത്തിന് മിനിട്ടുകൾക്ക് മുൻപ് ദർശനുമായി ദമ്പതികൾ സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു.ബൈക്കിലിടിച്ചപ്പോൾ ഇളകി വീണ കാറിൻ്റെ ചില ഭാഗങ്ങൾ എടുക്കാനായി ഇരുവരും തിരികെ സംഭവസ്ഥലത്ത് എത്തുന്നതും സിസിടിവിയിൽ പതിഞ്ഞു.
ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, താൻ ഒറ്റയ്ക്കാണ് കാറിൽ സഞ്ചരിച്ചതെന്നും കാറിൻ്റെ ഭാഗങ്ങൾ എടുക്കാനാണ് ആരതി പിന്നീട് സ്ഥലത്തെത്തിയതെന്നും മനോജ് മൊഴി നൽകി. ഈ മൊഴികളുടെ സത്യാവസ്ഥ പൊലിസ് പരിശോധിച്ചു വരികയാണ്. ദമ്പതികളെ റിമാൻഡ് ചെയ്തു. അവിവാഹിതനായ ദർശൻ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."