ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 1.19 കോടി നഷ്ടമായ ഞെട്ടലിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
പുണെ: മുംബൈ സൈബർ പൊലിസും സിബിഐ ഉദ്യോഗസ്ഥരുമാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി 1.19 കോടി രൂപ തട്ടിയെടുത്തതിൻ്റെ ഞെട്ടലിൽ 82 വയസ്സുള്ള റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പുണെയിലാണ് ഈ ദാരുണ സംഭവം നടന്നത്.
മഹാരാഷ്ട്ര സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് മരിച്ചത്. ഒക്ടോബർ 22-ന് വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തൻ്റെ ജീവിത സമ്പാദ്യം നഷ്ടമായതിൽ ഭർത്താവ് കടുത്ത ദുഃഖത്തിലായിരുന്നെന്ന് ഭാര്യ പൊലിസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.
തട്ടിപ്പ് നടന്ന രീതി
വിദേശത്ത് താമസിക്കുന്ന മൂന്ന് പെൺമക്കളുള്ള ഈ ദമ്പതികളെ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 17 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പുസംഘം കെണിയിലാക്കിയത്.ഓഗസ്റ്റ് 16-ന് മുംബൈ പൊലിസിലെ എൻകൗണ്ടർ സ്പെഷലിസ്റ്റ് എന്ന് അവകാശപ്പെട്ട ഒരാൾ 82-കാരനെ വിളിച്ചു. ഒരു സ്വകാര്യ എയർലൈനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന്റെ ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് തെറ്റിദ്ധരിപ്പിച്ചു.പിന്നാലെ, സിബിഐയുടെ ഡൽഹി ഓഫീസിൽനിന്നെന്ന വ്യാജേനയും ഇദ്ദേഹത്തിന് കോൾ എത്തി.തട്ടിപ്പുകാർ ദമ്പതികളെ മൂന്നുദിവസത്തേക്ക് ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി. ഈ സമയത്ത് ഫോൺ ക്യാമറ തുറന്നുവെക്കാനും നിർദേശം നൽകി.
ഈ അവസരം മുതലെടുത്ത് തട്ടിപ്പുസംഘം ബാങ്ക്-ആധാർ വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടുകളിലെ പണം തട്ടിയെടുക്കുകയായിരുന്നു. മക്കൾ വിദേശത്തുനിന്ന് അയച്ചുകൊടുത്ത പണവും ഇത്തരത്തിൽ നഷ്ടപ്പെട്ടു.പണം കൈക്കലാക്കിയതിന് പിന്നാലെ തട്ടിപ്പുസംഘത്തിൻ്റെ ഫോൺ വിളികൾ നിലച്ചതോടെയാണ് ദമ്പതികൾ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടർന്ന് മക്കളിലൊരാളുടെ നിർദേശപ്രകാരം ഇവർ പൊലിസിൽ പരാതി നൽകി. പുണെ സൈബർ പൊലിസ് സീനിയർ ഇൻസ്പെക്ടർ എസ്. ഷിൻഡേയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."