ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്: സത്യപ്രതിജ്ഞ നവംബർ 24ന്
ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. അടുത്ത മാസം 24ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതുസംബന്ധിച്ച നിയമന ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി വിരമിക്കുന്ന ഒഴിവിലേക്കാണ് ഈ നിയമനം. നവംബർ 23ന് ജസ്റ്റിസ് ഗവായിയുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേൽക്കും.
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസ് ആയിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. 2027 ഫെബ്രുവരി 9 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് എന്ന നിലയിൽ, ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി ശുപാർശ ചെയ്യുകയായിരുന്നു. സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യുന്ന കീഴ്‌വഴക്കം അനുസരിച്ചാണ് ഈ നിയമനം.
ഹരിയാനയിൽ നിന്ന് ഈ പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തി എന്ന ചരിത്രനേട്ടവും ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്നതോടെ ജസ്റ്റിസ് സൂര്യകാന്തിന്റെ പേരിനൊപ്പം ചേരും. 1962 ഫെബ്രുവരി 10ന് ഹരിയാനയിലെ ഹിസാറിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തിലെ സ്കൂളിൽ പൂർത്തിയാക്കിയ ശേഷം 1984ൽ മഹർഷി ദയാനന്ദ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. ഹിസാറിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രവർത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി.
തന്റെ 38-ാം വയസ്സിൽ അദ്ദേഹം ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റു. 2004ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. നീണ്ട 14 വർഷത്തെ ഹൈക്കോടതി ജഡ്ജിയായുള്ള സേവനത്തിന് ശേഷം 2018 ഒക്ടോബറിൽ അദ്ദേഹം ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2019 മെയ് 24ന് അദ്ദേഹം സുപ്രിംകോടതി ജഡ്ജിയായി നിയമിതനാവുകയും, നിലവിൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസായി തുടരുകയും ചെയ്യുകയായിരുന്നു.
justice surya kant appointed next chief justice of india. justice surya kant has been appointed as the 53rd chief justice of india (cji) by the president. he is scheduled to take the oath of office on november 24, succeeding the retiring cji b.r. gavai. justice kant, who is the senior-most judge of the supreme court, will serve until february 9, 2027. a key highlight of his appointment is that he will be the first person from haryana to hold the top judicial post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."