പ്രതിഷേധത്തിനിടെ ഫ്രഷ് കട്ട് പ്ലാന്റിന് ഉപാധികളോടെ പ്രവർത്തനാനുമതി; കർശന വ്യവസ്ഥകൾ, വീഴ്ച വരുത്തിയാൽ നടപടി
താമരശേരി: പ്രതിഷേധങ്ങൾക്കിടെ കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് പ്രവർത്തനത്തിന് അനുമതി. കർശന ഉപാധികളോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഫെസിലിറ്റേഷൻ കമ്മറ്റിയാണ് പ്രവർത്തനത്തിന് അനുമതി നൽകിയത്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനം. കർശന നിയന്ത്രണങ്ങളാണ് പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ച് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പാടില്ല, പഴകിയ അറവ് മാലിന്യം പ്ലാന്റിൽ കൊണ്ടുവരരുത്, പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കണം തുടങ്ങിയവയാണ് പ്രധാന ഉപാധികൾ.
ഈ നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ പ്ലാന്റിന് പ്രവർത്താനുമതി നൽകിയത് പ്രദേശവാസികളിൽ അതൃപ്തി സൃഷടിച്ചിട്ടുണ്ട്.
അനുമതി നൽകിയിട്ടുണ്ടെങ്കിലും, പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലിസ് നടപടികൾ ഇപ്പോഴും തുടരുകയാണ്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ, പൊലിസിനെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്.പി. ഉൾപ്പെടെ 16 പൊലിസുകാർക്കും 25-ഓളം നാട്ടുകാർക്കും പരുക്കേറ്റിരുന്നു. സംഘർഷത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിലാണ് നടക്കുന്നുത്. അതേസമയം, പൊലിസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോടഞ്ചേരി, ഓമശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലും സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം, മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രദേശത്തെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. പ്രദേശത്ത് നടന്ന സമരത്തിന്റെ ഭാഗമായി ഉടലെടുത്ത സംഘർഷങ്ങളുടെയും പൊലിസ് നടപടികളുടെയും ഫലമായി വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.
രാത്രികാലങ്ങളിൽ വീടുകൾ കയറിയുള്ള പൊലിസ് പരിശോധനകളും വീടിന് മുന്നിൽ തമ്പടിക്കുന്നതും കുട്ടികളെ ഭീതിയിലാഴ്ത്തിയെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. പ്രദേശത്തെ സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഹാജർ നില ഗണ്യമായി കുറഞ്ഞതായും, കുട്ടികൾക്ക് കൗൺസിലിംഗ് ആവശ്യമാണെന്നും അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നുണ്ട്. റൂറൽ എസ്.പി.യുടെ നിർദേശങ്ങൾ അവഗണിച്ചുള്ള റെയ്ഡുകൾ സമാധാനാന്തരീക്ഷം തകർക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിനെതിരെ പൊലിസിനെതിരെ പട്ടിണി സമരം സംഘടിപ്പിക്കാനും പ്രദേശവാസികൾ തീരുമാനിച്ചിട്ടുണ്ട്.
തിരുവമ്പാടി പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റിൽ നിന്ന് പുറന്തള്ളുന്ന രക്തവും മാംസാവശിഷ്ടങ്ങളും കോഴിക്കോട് നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ കക്കയം അണക്കെട്ടിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നുവെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി.
ഇത് മൂലം പ്രദേശത്ത് ദുർഗന്ധം, ആളുകൾക്കിടയിൽ ഛർദ്ദി, ചർമ്മരോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രതിസന്ധികളിലേക്കും കടന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ 21-ന് നടന്ന പ്രതിഷേധ മാർച്ചാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രശ്നത്തിന്റെ കാരണം പരിഹരിക്കാതെ പോലീസ് നടപടി മാത്രം ശക്തമാക്കുന്നത് സമാധാനം തകർക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
The Fresh Cut meat processing plant in Kattippara, Kozhikode, which was shut down following a conflict, has been granted a conditional operating permit by the District Collector-led committee. The strict conditions include limiting operations between 6 PM and 12 AM, prohibiting the use of stale waste, and reducing the processing quantity from 25 to 20 tonnes daily. Concurrently, the police have filed cases against 321 people, including a DYFI leader, for the clash, which resulted in injuries to police personnel and locals. The local community has been protesting the plant for years, citing severe pollution of the Kakkaya Dam (a key drinking water source) and related health issues. The State Human Rights Commission has also intervened due to the impact of the unrest and police action on local schoolchildren.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."