അലിഗഡില്‍ ക്ഷേത്രമതിലില്‍ 'ഐ ലവ് മുഹമ്മദ്' എഴുതി; ആദ്യം മുസ്ലിംകള്‍ക്കെതിരെ കേസ്; ഒടുവില്‍ അന്വേഷണം എത്തിയത് ഹിന്ദുത്വവാദികളില്‍; 4 പേര്‍ അറസ്റ്റില്‍
ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഡില്‍ ക്ഷേത്രഭിത്തികളില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതി വര്‍ഗീയകലാപത്തിന് ശ്രമിച്ച നാലു പേര്‍ അറസ്റ്റില്‍. പ്രദേശത്തെ തീവ്രഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകരായ സീഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശര്‍മ്മ, അഭിഷേക് സരസ്വത് എന്നിവരാണ് പിടിയിലായത്. ക്ഷേത്ര ഭിത്തിയില്‍ പെയിന്റ് കൊണ്ട് ഐ ലവ് മുഹമ്മദ് എന്നെഴുതിയത് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമാകുകയും, സംഭവത്തിന് പിന്നില്‍ മുസ്ലിംകള്‍ ആണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടത്തിവരുകയും ചെയ്യുന്നതിനിടെയാണ് യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായത്.
നേരത്തെ ഹിന്ദുത്വ സംഘടനകളുടെ പരാതിയില്‍ മുസ്തഖീം, ഗുല്‍ മുഹമ്മദ്, സുലൈമാന്‍, സോനു, അല്ലാബക്ഷ്, ഹമീദ്, യൂസഫ് എന്നീ എട്ട് മുസ്ലിംകള്‍ക്കെതിരേ കേസെടുത്തിരുന്നു. യഥാര്‍ത്ഥ പ്രതികളെ പിടികൂടിയതോടെ ഇവര്‍ക്കെതിരായ കേസ് ഒഴിവാക്കുമെന്ന് പൊലിസ് പറഞ്ഞു. മറ്റൊരു സമുദായത്തെ കുടുക്കാനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയതായി സീനിയര്‍ പൊലിസ് സൂപ്രണ്ട് നീരാജ് കുമാര്‍ പറഞ്ഞു.
നേരത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സംസ്ഥാനത്തെ മുസ്ലിം നേതാക്കള്‍ ഇതിനെ അപലപിച്ചിരുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ മുസ്ലിം സമൂഹത്തിലെ ആര്‍ക്കും ഇതില്‍ പങ്കില്ലെന്ന് തെളിയുമെന്നും ഈ മാസം 25ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് സിയാ ഉര്‍ റഹ്മാന്‍ ബര്‍ഖ് എം.പി പ്രസ്താവിച്ചിരുന്നു.
ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതത വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരേ കേസെടുത്തു. പ്രതികളെ ചോദ്യംചെയ്തുവരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."