അക്ഷരത്തെറ്റ് കാരണം പേരില്ല; ബംഗാളിലെ എസ്.ഐ.ആര്‍: മധ്യവയസ്‌കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്‍ക്കത്ത: എന്‍.ആര്‍.സിക്ക് സമാനമായ വിവാദ വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്.ഐ.ആര്‍) നടപടികള്‍ക്കിടെ പശ്ചിമബംഗാളില്‍ മധ്യവയസ്‌കന്‍ ജീവനൊടുക്കിയതിന് പിന്നാലെ മറ്റൊരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൂച്ച് ബെഹാറിലെ ദിന്‍ഹാട്ടയിലെ ജീത്ത്പൂര്‍ സ്വദേശിയായ 72 കാരന്‍ ഖൈറുല്‍ ഇസ്ലാം ശൈഖ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് നീക്കംചെയ്യുമെന്ന ഭീതിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബം അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള പിഴവ് മൂലം പട്ടിക തയാറാക്കാനുള്ള പേപ്പറില്‍ ഇയാളുടെ പേര് തെറ്റായാണ് അച്ചടിച്ചുവന്നത്. ശൈഖ് എന്ന സ്ഥാനത്ത് സൈക് എന്നാണ് അടിച്ചുവന്നത്. ഇതോടെയാണ് തന്റെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കര്‍ഷകനായ ഖൈറുല്‍ ഇസ്ലാം കൃഷിയിടത്തില്‍ വച്ച് കീടനാശിനി കഴിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവരാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം എം.ജി.എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഭാര്യയ്ക്കും ഭിന്നശേഷിക്കാരിയായ മകള്‍ക്കുമൊപ്പമാണ് ഇദ്ദേഹം താമസിക്കുന്നത്.
അടുത്തിടെ ബംഗാളില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതുമുതല്‍ അദ്ദേഹം ആശങ്കാകുലനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് കൂച്ച് ബെഹാര്‍ ജില്ലാ പ്രസിഡന്റ് അഭിജിത് ഭൗമിക് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. എന്‍.ആര്‍.സിയെ ഭയന്ന് ബരാക്പൂരിലെ പാനിഘട്ടിയില് 57കാരനായ പ്രദീപ് കര്‍ ജീവനൊടുക്കിയ വിവാദം കത്തിനില്‍ക്കെയാണ് ഖൈറുല്‍ ഇസ്ലാം ജീവനൊടുക്കാന്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."