സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്
മുംബൈ: ഐസിസി വനിത ഏകദിന ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റുകൾക്ക് കീഴടക്കിയാണ് ഹർമൻപ്രീത് കൗറും സംഘവും കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്.
ചരിത്രത്തിലെ മൂന്നാം ഏകദിന ലോകകപ്പ് ഫൈനലിലേക്കാണ് ഇന്ത്യ മുന്നേറിയത്. ഇതിന് മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നത്. എന്നാൽ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒമ്പത് പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്റെ കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. 134 പന്തിൽ പുറത്താവാതെ 127 റൺസ് നേടിയാണ് ജെമീമ ഇന്ത്യയുടെ വിജയശിൽപിയായത്. 14 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് മാച്ച് അവാർഡും ജെമീമയാണ് സ്വന്തമാക്കിയത്.
മത്സരശേഷം ഇന്ത്യയുടെ വിജയത്തെക്കുറിച്ച് ജെമീമ സംസാരിച്ചിരുന്നു. സെഞ്ച്വറിയോ ഫിഫ്‌റ്റിയോ അല്ല ടീമിന്റെ വിജയമായിരുന്നു പ്രധാനമായിരുന്നതെന്നാണ് ജെമീമ പറഞ്ഞത്. തന്നിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും ജെമീമ നന്ദി അറിയിക്കുകയും ചെയ്തു.
''ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഈ കാര്യം എനിക്ക് സ്വന്തമായി ചെയ്യാൻ സാധിക്കുമായിരുന്നില്ല. എന്റെ അച്ഛനും അമ്മയ്ക്കും കോച്ചിനും എന്നെ വിശ്വസിച്ച എല്ലാവർക്കും നന്ദി. കഴിഞ്ഞ മാസം ഏറെ ബുദ്ധിമുട്ടിലൂടെയാണ് ഞാൻ കടന്നുപോയത്. ഈ വിജയം ഒരു സ്വപ്നം പോലെ തോന്നുന്നു. ഇത് ഉൾക്കൊള്ളാൻ എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല. മൂന്നാം നമ്പറിലാണ് ഞാൻ ബാറ്റ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഇറങ്ങുന്നതിന് അഞ്ചു മിനിറ്റ് മുമ്പാണ് ഞാൻ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞത്. ആദ്യ റൗണ്ടിലെ നിർണായക മത്സരങ്ങൾ പരാജയപ്പെട്ടതിനാൽ ഈ മത്സരം ഇന്ത്യക്ക് വേണ്ടി വിജയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ അർദ്ധ സെഞ്ച്വറിയോ സെഞ്ച്വറിയോ പ്രധാനപ്പെട്ട കാര്യമല്ല. ഇന്ത്യയുടെ വിജയമാണ് പ്രധാനം'' ജെമീമ റോഡ്രിഗസ് പറഞ്ഞു.
അർദ്ധ സെഞ്ച്വറി നേടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഇന്ത്യൻ നിരയിൽ നിർണായകമായി. 88 പന്തിൽ 10 ഫോറുകളും രണ്ട് സിക്സുകളും അടക്കം 89 റൺസ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. നവംബർ രണ്ടിനാണ് ലോകകപ്പിന്റെ ഫൈനൽ പോരാട്ടം നടക്കുന്നത്. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
Jemimah Rodrigues spoke about India's victory after defeating Australia in the ICC ODI World Cup. Jemimah said that the team's victory was not important, not the century or the fifties. Jemimah also thanked everyone who had shown faith in her.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."