അപകടസ്ഥലത്ത് കാഴ്ചക്കാരായി കൂട്ടംകൂടിയാൽ 1,000 ദിർഹം പിഴ; കർശന നടപടിയുമായി അബൂദബി പൊലിസ്
അബൂദബി: റോഡപകടങ്ങളോ തീപിടുത്തങ്ങളോ സംഭവിക്കുന്ന സ്ഥലങ്ങളിൽ ചുറ്റും തടിച്ചുകൂടി അടിയന്തര ജീവനക്കാരുടെ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അബൂദബി പൊലിസ്. ഇത്തരം സന്ദർഭങ്ങളിൽ തിരക്ക് കൂട്ടുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അബൂദബി പൊലിസും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി ഇക്കാര്യം അറിയിച്ചത്. അപകടസ്ഥലങ്ങളിൽ ആംബുലൻസുകൾക്കും മറ്റ് അടിയന്തര ജീവനക്കാർക്കും വേഗത്തിൽ എത്തിച്ചേരാൻ വഴിയൊരുക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പരുക്കേറ്റവരെ രക്ഷിക്കുന്നതിനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും രക്ഷാപ്രവർത്തകർ കൃത്യസമയത്ത് സ്ഥലത്തെത്തേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വിശദീകരിച്ചു. അപകടസ്ഥലത്തിന് ചുറ്റും തിങ്ങിക്കൂടുന്ന കാൽനടയാത്രക്കാർ റോഡിനോട് ചേർന്ന് നിൽക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമായേക്കാം, ഇത് അവർ തന്നെ അപകടത്തിൽപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പൊലിസ് ചൂണ്ടിക്കാട്ടി.
നിയമലംഘനങ്ങൾ
- അപകടസമയത്ത് ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും.
- അപകടസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത്, റോഡിൽ ക്രമാതീതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്, ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് എന്നിവയ്ക്കും പിഴ ലഭിക്കും.
മാത്രമല്ല, അപകടങ്ങളോ തീപിടുത്തങ്ങളോ കാണുന്നതിനായി കൂട്ടംകൂടുന്നതും, അപകടത്തിൽപ്പെട്ട കാറുകളുടെയോ പരുക്കേറ്റ ആളുകളുടെയോ ഫോട്ടോകൾ എടുക്കുന്നതും ഈ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്നും നിയമനടപടികൾക്ക് കാരണമാകുമെന്നും പൊലിസ് കർശനമായി മുന്നറിയിപ്പ് നൽകി.
abu dhabi police enforces dh1,000 penalty for crowds assembling at accident scenes to ensure swift emergency response and prevent traffic disruptions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."