ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്
കുവൈത്ത് സിറ്റി: എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് പരിശോധനകൾക്കായുള്ള രക്തസാമ്പിളുകളിൽ കൃത്രിമം കാണിക്കുകയും വ്യാജ ആരോഗ്യ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്ത സംഭവത്തിൽ പ്രവാസിക്ക് 10 വർഷം കഠിന തടവ് വിധിച്ച് കുവൈത്ത് അപ്പീൽ കോടതി. പ്രവാസി ജീവനക്കാർക്ക് 200 കുവൈറ്റ് ദിനാർ കൈക്കൂലി നൽകിയതിനാണ് ശിക്ഷ. ജഡ്ജി നാസർ സലേം അൽ-ഹൈദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
റെസിഡൻസി പെർമിറ്റിനായി അപേക്ഷിക്കുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനകളുമായി ബന്ധപ്പെട്ടാണ് ഈ തട്ടിപ്പ് നടന്നത്. വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള പരിശോധനകളിൽ രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ചതിന് സമാനമായ സംഭവങ്ങളിൽ മുൻപും ശിക്ഷ വിധിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ, ക്രോണിക് ഡിസീസ് പരിശോധനകളിൽ കൃത്രിമം കാണിച്ചതിന് മൂന്ന് പ്രവാസി ജീവനക്കാർക്ക് അപ്പീൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2023 ഡിസംബറിൽ മറ്റൊരു വ്യക്തിക്കും ഇതേ കുറ്റത്തിന് സമാനമായ ശിക്ഷ ലഭിച്ചിരുന്നു.
ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ അപാകത ആദ്യം കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ മോണിറ്ററിംഗ് എക്സ്‌പാട്രിയേറ്റ്സ്, ക്ഷയരോഗ നിയന്ത്രണ യൂണിറ്റിന് നൽകിയ വിവരത്തെത്തുടർന്ന് നാല് പ്രവാസികളെ അടിയന്തര സമഗ്ര പുനഃപരിശോധനകൾക്ക് വിധേയരാക്കി.
ഇവരിൽ ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി എന്നിവയ്ക്കുള്ള രക്തപരിശോധനകളും ക്ഷയരോഗത്തിനുള്ള നെഞ്ച് എക്സ്-റേയും ഉൾപ്പെട്ടിരുന്നു. പുനഃപരിശോധനാ ഫലങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. രണ്ട് പേർക്ക് ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവും മറ്റ് രണ്ട് പേർക്ക് ഹെപ്പറ്റൈറ്റിസ് സി പോസിറ്റീവുമായിരുന്നു. ഇതോടെയാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്.
സാമ്പിൾ ശേഖരണ സ്ഥലത്തിനും ലബോറട്ടറിക്കും ഇടയിൽ രക്തസാമ്പിളുകൾ കൊണ്ടുപോകുന്നതിനിടയിൽ കൃത്രിമം കാണിച്ച് മെഡിക്കൽ പരിശോധനാ ഫലങ്ങൾ തിരുത്തിയ സംഘത്തെ പിന്നീട് അധികൃതർ പിടികൂടി. രാജ്യത്തിന്റെ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേസുകളിൽ കുവൈത്ത് നീതിന്യായ വ്യവസ്ഥ കർശന നിലപാട് സ്വീകരിക്കുന്നത്.
kuwait court of appeals convicts expatriate of bribing officials kd200 to forge hiv and hepatitis test results, imposing 10-year rigorous imprisonment to curb medical fraud in residency processes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."