ആകാശത്തേക്ക് വെടിവെച്ച് 'റീൽ' നിർമ്മിച്ച് വൈറലാവാൻ ശ്രമം; അച്ഛനും, മകനും അറസ്റ്റിൽ
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ വൈറലാവാൻ വേണ്ടി സ്വന്തം മകനെക്കൊണ്ട് ആകാശത്തേക്ക് വെടിവെപ്പിച്ച പിതാവിനെയും, വെടിവെച്ച മകനെയും ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തു. തോക്ക് ലൈസൻസ് കാലഹരണപ്പെട്ടതാണെന്ന് കണ്ടെത്തിയതോടെ 'റീൽ പ്രശസ്തി'യുടെ പുറകിലെ നിയമലംഘനത്തിന് ഇരുവർക്കുമെതിരെ കേസെടുത്തു.
സംഭവം നടന്നത് ഡൽഹി ശാസ്ത്രി നഗറിലാണ്.മുകേഷ് കുമാർ,മകൻ സുമിത് കുമാർ എന്നിവരാണ് റീൽ നിർമാണത്തിനായി ആകാശത്തേക്ക് വെടിവെച്ചത്.എന്നാൽ നോർത്ത് ജില്ലാ ഡിസിപി രാജ ബന്തിയയുടെ നേതൃത്വത്തിലുള്ള ആന്റി-നാർക്കോട്ടിക്‌സ് സെൽ സംഘമാണ് പ്രതികളെ പിടികൂടിയത്. പതിവ് പട്രോളിങ്ങിനിടെ, ഒരു യുവാവ് ആകാശത്തേക്ക് വെടിയുതിർക്കുന്ന സോഷ്യൽ മീഡിയ 'റീൽ' ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്.
ഡിസിപി രാജ ബന്തിയ പറഞ്ഞു "രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സംഘം ഉടൻ തന്നെ ശാസ്ത്രി നഗറിലെ കടയിലെത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിൽ നിന്ന് തോക്ക് പിടിച്ചെടുത്തു."വിഡിയോ റെക്കോർഡ് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാൻ വേണ്ടിയായിരുന്നുവെന്ന് സുമിത് പൊലിസിനോട് സമ്മതിച്ചു.പൊതുജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കി, ഓൺലൈൻ ശ്രദ്ധ നേടാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് പൊലിസ് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."