ഗുണ്ടാത്തലവനായ ജെഡിയു സ്ഥാനാർഥി ആനന്ദ് സിങ് അറസ്റ്റിൽ; ദുലാർ ചന്ദ് യാദവ് കൊലപാതകത്തിൽ വഴിത്തിരിവ്
പട്‌ന: മൊകാമ മണ്ഡലത്തിലെ ജനതാദൾ (യു) സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുടെ ഭർത്താവുമായ ആനന്ദ് സിങ് ഗുണ്ടാ നേതാവ് ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. ഇയാളുടെ രണ്ട് സഹായികളെയും ബിഹാർ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബെദനാ ഗ്രാമം പൊലിസ് വളഞ്ഞതിന് ശേഷമാണ് പുലർച്ചെ ഒരു മണിയോടെ ആനന്ദ് സിങ്ങിനെയും മണികാന്ത് ഠാക്കൂർ, രഞ്ജീത് റാം എന്നീ സഹായികളെയും അറസ്റ്റ് ചെയ്തത്.കൊലപാതകത്തിലെ മുഖ്യപ്രതി ആനന്ദ് സിങ് ആണെന്ന് പൊലിസ് സ്ഥിരീകരിച്ചു. കേസിലെ പ്രതിപ്പട്ടികയിൽ ഇയാളുടെ ഭാര്യയും രണ്ട് അനന്തരവന്മാരും ഉൾപ്പെടുന്നു.
പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി സ്ഥാനാർഥി പ്രിയദർശി പീയൂഷിനെ പിന്തുണച്ചിരുന്ന 75 വയസ്സുള്ള ദുലാർ ചന്ദ് യാദവിനെ താർത്തർ ഗ്രാമത്തിൽ ഒരു വാഹനത്തിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.യാദവ് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആനന്ദ് സിങ്ങിന്റെ സംഘം യാത്ര കടന്നു വരുമ്പോൾ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. കല്ലേറും നടന്നു.പൊലിസെത്തിയപ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ യാദവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്:
മൂർച്ചയുള്ള ആയുധം കൊണ്ടുള്ള പരിക്ക് ഹൃദയത്തിനും ശ്വാസകോശത്തിനും ഏൽക്കുകയും ഇത് മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.ആനന്ദ് സിങ്ങിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പട്‌ന സീനിയർ പൊലിസ് സൂപ്രണ്ട് കാർത്തികേയ ആർ ശർമ്മ അറിയിച്ചു.അറസ്റ്റിലായ ആനന്ദ് സിങ്ങിനും കൊല്ലപ്പെട്ട ദുലാർ ചന്ദ് യാദവിനും വലിയ ക്രിമിനൽ പശ്ചാത്തലമുണ്ട്.
ദുലാർ ചന്ദ് യാദവിനെതിരെ രണ്ട് ഡസനടുത്ത് കൊലപാതക കേസുകളും തട്ടിക്കൊണ്ടുപോകൽ, പണം തട്ടിയെടുക്കൽ കേസുകളും നിലവിലുണ്ടായിരുന്നു. ഇയാൾ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.1990-കളിൽ യാദവ് ആനന്ദ് സിങ്ങിന്റെ സഹോദരനും ഗുണ്ടാ നേതാവുമായ ദിലീപ് കുമാർ സിങ്ങിനെതിരെ മത്സരിച്ചിട്ടുണ്ട്.സംഭവത്തെ തുടർന്ന് ബാർഹ് സബ്‌ഡിവിഷണൽ ഓഫീസർ ചന്ദൻ കുമാർ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലംമാറ്റുകയും അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."