അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ
അബൂദബി: റെസിഡൻഷ്യൽ ഏരിയകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്വാഡ് ബൈക്കുകളുടെയും ഇ-സ്കൂട്ടറുകളുടെയും അനധികൃത ഉപയോഗത്തിനെതിരെ അബൂദബിയിൽ കർശന നടപടി. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുമെന്നും വാഹനങ്ങൾ കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നിയമലംഘനം വർധിക്കുന്നു, സുരക്ഷാ ഭീഷണി
അൽ ഗദീർ ഉൾപ്പെടെയുള്ള റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിൽ ക്വാഡ് ബൈക്കുകളും ഇ-സ്കൂട്ടറുകളും നിരുത്തരവാദപരമായി ഓടിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് അധികൃതർ അടിയന്തര നടപടി കൈകൊണ്ടിരിക്കുന്നത്. കാൽനടയാത്രികർക്കുള്ള പാതകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ കൗമാരക്കാരും മുതിർന്നവരും വാഹനങ്ങൾ ഓടിക്കുന്നത് കാൽനടയാത്രക്കാർക്കും കളിക്കുന്ന കുട്ടികൾക്കും വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന് കമ്മ്യൂണിറ്റി മാനേജ്‌മെന്റ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
"ഈ പ്രവർത്തനങ്ങൾ വിനോദകരമാണെങ്കിലും, ഇത് നടപ്പാതകൾ ഉപയോഗിക്കുന്ന കാൽനടയാത്രികർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേകിച്ചും കുട്ടികൾക്കും കാര്യമായ അപകടമുണ്ടാക്കുമെന്ന് ഓർമ്മപ്പെടുത്തേണ്ടതുണ്ട്," നോട്ടീസിൽ വ്യക്തമാക്കി.
കർശന നടപടികൾ
റെസിഡൻഷ്യൽ സോണുകളിൽ ഇത്തരം വാഹനങ്ങളുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അബൂദബി പൊലിസ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, നിയമലംഘനങ്ങൾക്ക് താഴെപ്പറയുന്ന ശിക്ഷാ നടപടികൾ ലഭിക്കും.
- വാഹനം കണ്ടുകെട്ടൽ.
- 50,000 ദിർഹം വരെ പിഴ.
- പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ അനുമതി നൽകിയാൽ വാഹനങ്ങളുടെ ഉടമകളും രക്ഷിതാക്കളും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
നിയമലംഘനങ്ങളെക്കുറിച്ച് അബൂദബി പൊലിസ് ആപ്പ് വഴി റിപ്പോർട്ട് ചെയ്യാൻ റെസിഡൻഷ്യൽ ഏരിയയിലെ സുരക്ഷാ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
താമസക്കാരുടെ ആശങ്ക
ക്വാഡ് ബൈക്കുകളുടെയും ഇ-സ്കൂട്ടറുകളുടെയും അശ്രദ്ധമായ ഉപയോഗം സംബന്ധിച്ച് ഈ പ്രദേസങ്ങളിലെ താമസക്കാർ കടുത്ത ആശങ്കയാണ് പങ്കുവെക്കുന്നത്. ചെറിയ അപകടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും കർശനമായ നിയന്ത്രണങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മൈക്രോ-മൊബിലിറ്റി വാഹനങ്ങൾ ഒരു ശല്യമാണെന്നും നിയമങ്ങൾ അനുസരിക്കാത്തത് ചെറിയ കുട്ടികൾ മാത്രമല്ലെന്നും മുതിർന്നവരും ഇത്തരത്തിലാണ് പെരുമാറുന്നതെന്നും അൽ ഗദീർ നിവാസിയായ ഡ്വെയ്ൻ ടെയ്‌ക്‌സീറയുടെ അഭിപ്രായപ്പെട്ടു.
അതേസമയം ഇ-സ്കൂട്ടറുകൾ പോലുള്ള വാഹനങ്ങൾ സൗകര്യപ്രദമായ ഗതാഗത മാർഗ്ഗമാണെന്നും, സമ്പൂർണ്ണ നിരോധനം ശരിയായ പരിഹാരമല്ലെന്നും ചില താമസക്കാർ വാദിക്കുന്നു.
abu dhabi police introduce stringent regulations for quad bikes and electric scooters to enhance road safety, banning off-road use in public areas and mandating permits. learn about the new guidelines, permitted zones, common violations, and penalties up to 50,000 aed to avoid hefty fines in the uae capital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."