പ്രവാസികൾക്ക് കനത്ത തിരിച്ചടി; സലാലയിൽ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്
സലാല: വിന്റർ ഷെഡ്യൂളിൽ ഒമാനിലെ സലാലയിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് പറക്കാൻ പ്രവാസികൾക്ക് സാധിക്കില്ല. എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ നിർത്തലാക്കിയതോടെയാണ് യാത്രക്കാർ ദുരിതത്തിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം നിർത്തിയ എയർ ഇന്ത്യ സർവീസുകൾ ഇനി എന്ന് പുനഃസ്ഥാപിക്കുമെന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.
സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് മാത്രമാണ് മുമ്പ് സർവീസ് ഉണ്ടായിരുന്നത്. മുൻകാലങ്ങളിൽ സലാലയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് മാസങ്ങൾക്ക് മുമ്പ് അവസാനിപ്പിച്ചിരുന്നു. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള വിമാനം കൂടി നിർത്തലാക്കിയതോടെ ദോഫാർ, അൽവുസ്ത മേഖലയിൽ നിന്നുള്ള പ്രവാസി മലയാളികളുടെ യാത്ര പ്രയാസത്തിലാകും.
കഴിഞ്ഞ മാസം 26 മുതൽ പ്രാബല്യത്തിൽ വന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിന്റർ ഷെഡ്യൂൾ 2026 മാർച്ച് വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കേരള സെക്‌ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചത് പ്രവാസികളെ വലയ്ക്കുമെന്ന കാര്യം ഇതോടെ ഉറപ്പായി.
മസ്കത്തിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചതോടെ, യാത്രക്കാർക്ക് ഇനി യുഎഇ സെക്‌ടറുകൾ വഴി ഉള്ള കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരും. ഇത് യാത്രാദൂരവും ചെലവും വർദ്ധിപ്പിക്കും.
കേരള സെക്‌ടറുകളിലെ മാറ്റങ്ങൾ
പുതിയ വിന്റർ ഷെഡ്യൂൾ പ്രകാരം, മസ്കത്തിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നീ സെക്‌ടറുകളിലേക്കുള്ള പ്രതിവാര സർവീസുകൾ നാലായി കുറച്ചു. കോഴിക്കോട് റൂട്ടിൽ പ്രതിവാരം മൂന്ന് വിമാനങ്ങൾ മാത്രമാണ് ഇനി സർവീസ് നടത്തുക. അതേസമയം, മസ്കത്തിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പ്രതിവാരം രണ്ട് സർവീസുകളും ഡൽഹിയിലേക്കും മുംബൈയിലേക്കും പ്രതിദിന സർവീസുകളും തുടരും. വിമാനങ്ങളുടെ എണ്ണം കുറച്ചതോടെ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന പ്രവാസികൾക്ക് അധിക സമയവും പണവും ചെലവഴിക്കേണ്ടിവരും. 2026 മാർച്ച് വരെ ഈ ദുരിതയാത്ര തുടരുമെന്നതിനാൽ, സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രവാസി സമൂഹം ശക്തമായി ആവശ്യപ്പെടുന്നു.
air india express has cancelled all direct flights from salalah (oman) to kerala sectors, forcing expats to rely on connecting flights via muscat or uae, leading to increased travel time and costs. the service suspension is a major blow to the malayali diaspora in salalah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."