ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു, തടയാന്‍ ശ്രമിച്ച എന്നേയും വലിച്ചിട്ടു, പകുതി പുറത്തായ എന്നെ ഒരു അങ്കിളാണ് രക്ഷിച്ചത്' നടുക്കം മാറാതെ സുഹൃത്ത്
വര്‍ക്കല (തിരുവനന്തപുരം): 'വാഷ്‌റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ അയാള്‍ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്റെ കൈയും കാലും പിടിച്ച് താഴേക്കിട്ടു. ഞാന്‍ പകുതി പുറത്തായിരുന്നു. ഒരു അങ്കിളാണ് എന്നെ പിടിച്ചുകയറ്റിയത്. ചവിട്ടുപടിയില്‍ പിടിച്ചുനില്‍ക്കാനായതുകൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതുകൊണ്ടുമാണ് താഴെ വീഴാതിരുന്നത്' ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന അര്‍ച്ചന സംഭവം വിവരിക്കുന്നതിങ്ങനെ. ട്രെയിനിലെ നടുക്കുന്ന അനുഭവത്തില്‍നിന്ന് ഇനിയും മുക്തയായിട്ടില്ല അര്‍ച്ചന. ഞായറാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പാലോട് സ്വദേശിനി സോനയെന്ന ശ്രീക്കുട്ടിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് മദ്യപന്‍ ട്രാക്കിലേക്ക് ചവിട്ടിത്തള്ളിയിടുകയായിരുന്നു. ട്രെയിനില്‍ നിന്നും ഇറങ്ങാറായ സമയത്താണ് സംഭവമെന്ന് അര്‍ച്ചന പറഞ്ഞു. ആലുവ മുതല്‍ ഒപ്പമുണ്ടായിരുന്നു ശ്രീക്കുട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. അയാള്‍ മദ്യപിച്ചിരുന്നു. പിന്നീട് യാത്രക്കാരാണ് അയാളെ പിടിച്ചുവെച്ചത്' അര്‍ച്ചന പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ സോനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. പ്രതി തിരുവനന്തപുരം പനച്ചുമൂട് സ്വദേശി സുരേഷ് കുമാറിനെ (43) റെയില്‍വേ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നുു. സഹയാത്രക്കാരിയുടെ പരാതിയില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സംഭവിച്ചത്...
ഞായറാഴ്ച രാത്രി 8.30ന് കേരള എക്‌സ്പ്രസിലായിരുന്നു സംഭവം. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ആലുവയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇരുവരും. വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ അര്‍ച്ചന കംപാര്‍ട്ട്‌മെന്റിലെ ശുചിമുറിയിലേക്ക് പോയി. അര്‍ച്ചനക്ക് കൂട്ടായി കാപാര്‍ട്ട്‌മെന്റിന്റെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്നു സോന. ആ സമയത്ത് സുരേഷ് കുമാര്‍ ശുചിമുറിക്ക് സമീപം മദ്യപിച്ച നിലയില്‍ നില്‍പ്പുണ്ടായിരുന്നു. പ്രകോപനം കൂടാതെ സുരേഷ് വാതിലില്‍ നിന്ന സോനയുടെ നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നു.
ശുചിമുറിയില്‍നിന്ന് പുറത്തിറങ്ങിയ അര്‍ച്ചനയെയും ഇയാള്‍ കൈയില്‍പിടിച്ച് പുറത്തേക്ക് തള്ളാന്‍ ശ്രമിച്ചു. യുവതിയുടെ നിലവിളികേട്ട് എത്തിയ സഹയാത്രികര്‍ ഇവരെ രക്ഷിക്കുകയും സുരേഷ് കുമാറിനെ ബലപ്രയോഗത്തിലൂടെ പിടികൂടുകയുമായിരുന്നു. യാത്രക്കാര്‍ റെയില്‍വേ പൊലിസില്‍ വിവരമറിയിച്ചു.
അതേസമയം കൊല്ലത്തേക്ക് വരികയായിരുന്ന മെമു ട്രെയിനിലെ ലോക്കോ പൈലറ്റ് വര്‍ക്കല അയന്തി മേല്‍പാലത്തിലെ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടു. ട്രെയിന്‍ നിര്‍ത്തി പെണ്‍കുട്ടിയെ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍വെച്ച് സുരേഷ് കുമാറിനെ യാത്രക്കാര്‍ ആര്‍.പി.എഫിന് കൈമാറി. താന്‍ യുവതിയെ ഉപദ്രവിച്ചില്ലെന്നാണ് ഇയാളുടെ മൊഴി. ഇയാളെ പൊലീസ് രാത്രിയോടെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
a shocking real-life incident where a girl was attacked and thrown down, while her friend tried to help but was also pulled down. a half-dressed uncle stepped in and saved them. read how the terrifying moment unfolded and how courage appeared from nowhere.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."