പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ടുചെയ്യാം; പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഇന്നു കൂടി
തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇന്ന് കൂടി അപേക്ഷ നല്‍കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ള ലോക്സഭാ മണ്ഡലത്തിലെ വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയിലെ നോഡല്‍ ഓഫിസര്‍മാര്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.
ആബ്സെന്റീ വോട്ടര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. 85ന് മുകളില്‍ പ്രായമുള്ളവര്‍, 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാര്‍, അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.
പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഫോം 12 ഡിയില്‍ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കണം. ആബ്സന്റീ വോട്ടര്‍മാരില്‍ ആദ്യ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ബൂത്ത് തല ഓഫിസര്‍മാര്‍ വഴി വീട്ടിലെത്തി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കും.
നാലാമത്തെ വിഭാഗമായ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം. ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍ 12ഡി ഫോമില്‍ അതത് നോഡല്‍ ഓഫിസര്‍മാര്‍ വഴിയോ നേരിട്ടോ വരണാധികാരിക്ക് അപേക്ഷ നല്‍കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."