ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ച വീഡിയോ ചോർന്നു; ഇസ്റാഈൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ
ജറുസലേം: ഫലസ്തീൻ തടവുകാരനെ ഇസ്റാഈൽ സൈനികർ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ഇസ്റാഈൽ പ്രതിരോധ സേനയുടെ (IDF) മുൻ മിലിട്ടറി അഡ്വക്കേറ്റ് ജനറൽ മേജർ ജനറൽ യിഫാത്ത് ടോമർ-യെരുഷാൽമി അറസ്റ്റിലായി. വീഡിയോ ചോർന്നതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞ ആഴ്ച ഇവർ രാജിവെച്ചിരുന്നു.
ഇന്നലെ ഇവരെ കാണാനില്ലെന്ന് വാർത്തകൾ വന്നിരുന്നു. വീഡിയോ ചോർന്നുണ്ടായ രാഷ്ട്രീയ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഈ തിരോധാനം.ടെൽ അവീവിനടുത്ത് ഒരു കടൽത്തീരത്ത് നടത്തിയ തിരച്ചിലിനൊടുവിൽ ഇവരെ കണ്ടെത്തി. ഇതിന് പിന്നാലെയാണ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.വീഡിയോ ചോർന്നതെങ്ങനെ എന്നതിനെക്കുറിച്ച് പൊലിസ് കഴിഞ്ഞയാഴ്ച കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആ സമയത്ത് മേജർ ജനറൽ യിഫാത്ത് ടോമർ-യെരുഷാൽമി അവധിയിലായിരുന്നു.ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇവരെ ജോലിയിലേക്ക് തിരികെ വരാൻ അനുവദിക്കില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് ഇവർ രാജിവെച്ചത്.
വിവാദമായ വീഡിയോ
2024 ഓഗസ്റ്റിൽ ഒരു ഇസ്റാഈലി വാർത്താ ചാനലിലാണ് പീഡന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്.തെക്കൻ ഇസ്റാഈലിലെ എസ്ഡി ടെയ്മാൻ സൈനിക താവളത്തിലെ റിസർവ് സൈനികരാണ് ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ചത്.ക്രൂരമായി മർദിക്കുകയും മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മലദ്വാരത്തിൽ കുത്തുകയും ചെയ്തു എന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അഞ്ച് സൈനികർക്കെതിരെ കേസെടുത്തെങ്കിലും അവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. കുറ്റാരോപിതർ കോടതിയിൽ കുറ്റം നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."