ഹൈഡ്രോ-കഞ്ചാവ് വില്‍പന: ബി.ജെ.പി ദേശീയ നേതാവിന്റെ മകന്‍ പിടിയില്‍; കഞ്ചാവ് പിടിച്ചെടുത്തു
മുംബൈ: തായ്ലന്‍ഡില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഹൈഡ്രോ-കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍. ബി.ജെ.പിയുടെ ഭാരത് രക്ഷാ മഞ്ച് ദേശീയ പ്രസിഡന്റ് ബീന ഗോഗ്രിയുടെ മകന്‍ കെയൂര്‍ ജയേഷ് ഗോഗ്രിയെ (29) ആണ് നവി മുംബൈ പൊലിസിന്റെ മയക്കുമരുന്ന് വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്തത് . ഖാര്‍ഘര്‍ സെക്ടര്‍ 19 ലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 5,000 രൂപ വിലമതിക്കുന്ന 800 മില്ലിഗ്രാം ഹൈഡ്രോ-കഞ്ചാവും പൊലിസ് പിടിച്ചെടുത്തു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആന്റി നാര്‍കോട്ടിക് സെല്ലിലെ സീനിയര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് നിഗഡെയുടെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബര്‍ 30ന് ഖാര്‍ഘറിലെ ശിവസായ് ബില്‍ഡിങ് റെയ്ഡ് ചെയ്യുകയും ഗോഗ്രിയുടെ അപ്പാര്‍ട്‌മെന്റില്‍നിന്ന് പ്ലാസ്റ്റിക് പാക്കറ്റുകള്‍, ഒരു ക്രഷര്‍, ഒരു തൂക്കം അളക്കുന്ന സ്‌കെയില്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തു. കൂടുതല്‍ പരിശോധനയില്‍ കെയൂറിന്റെ കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലും കഞ്ചാവ് കണ്ടെത്തി. ഗോഗ്രിയുടെ രണ്ട് സുഹൃത്തുക്കള്‍ തായ്ലന്‍ഡില്‍നിന്ന് അനധികൃതമായി മയക്കുമരുന്ന് കടത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാന്ദൂപ് നിവാസിയായ തന്റെ സുഹൃത്ത് ഷാരിഖില്‍നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ഗോഗ്രി സമ്മതിച്ചു. അയാള്‍ തായ്ലന്‍ഡില്‍നിന്ന് കടത്തിക്കൊണ്ടുവന്നതാണ്. ചിലപ്പോള്‍ ഉല്‍വെ നിവാസിയായ നോമാനില്‍ നിന്നും കഞ്ചാവ് വാങ്ങാറുണ്ടെന്നും കെയൂര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖാര്‍ഘര്‍ പ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കൈവശംവെച്ചതിന് (എന്‍.ഡി.പി.എസ്) നിയമപ്രകാരം ഖാര്‍ഘര്‍ പൊലിസ് സ്റ്റേഷനില്‍ ആന്റി-നാര്‍കോട്ടിക് സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഗോഗ്രിയെ അറസ്റ്റ് ചെയ്തു. തായ്ലന്‍ഡ് ആസ്ഥാനമായുള്ള മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള രണ്ട് വിതരണക്കാര്‍ക്കായി പൊലിസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
police arrested the son of a bjp national leader for allegedly selling hydro cannabis. a large quantity of cannabis was seized during the operation, and further investigation is underway to uncover the supply network.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."