'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story
ആധുനിക ചരിത്രത്തിലെ ഏറ്റവും കൂടുതൽ പേരെ കൊലപ്പെടുത്തിയ സീരിയൽ കൊലയാളികളിൽ ഒരാളാണ് ബ്രിട്ടീഷ് ഡോക്ടറായ ഹരോൾഡ് ഷിപ്പ്മാൻ (Harold Shipman). രോഗികളെ ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഒരു ഡോക്ടർ, അതേ രോഗികളുടെ ജീവൻ വിഷം നൽകി കവർന്നെടുത്ത സംഭവം ബ്രിട്ടീഷ് ആരോഗ്യമേഖലയെയും പൊതുസമൂഹത്തെയും ഒന്നാകെ പിടിച്ചുകുലുക്കുകയായിരുന്നു.
നോട്ടിംഗ്ഹാമിലെ ഒരു തൊഴിലാളിവർഗ്ഗ കുടുംബത്തിലാണ് ഹരോൾഡ് ഫ്രെഡറിക് ഷിപ്പ്മാൻ 1946-ൽ ജനിച്ചത്. 'ഫ്രെഡ്' എന്നായിരുന്നു ഷിപ്പ്മാനെ അടുത്തറിയപ്പെടുന്നവർ കുഞ്ഞിലെ വിളിച്ചിരുന്നത്.ഷിപ്പ്മാൻ്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സ്വാധീനം ചെലുത്തിയത് അമ്മയായ വെരാ ആയിരുന്നു. അമ്മയുമായി വളരെ അടുത്ത ബന്ധമായിരുന്നു കുഞ്ഞ് ഫ്രെഡിനുണ്ടായിരുന്നത്. തൻ്റെ മകൻ മറ്റാരെക്കാളും മികച്ചവനാണെന്ന ചിന്ത വെരാ കുഞ്ഞ് ഫ്രെഡിൽ ചെറുപ്പം മുതലേ വളർത്തിയെടുത്തിരുന്നു.ഫ്രെഡിൻ്റെ കൗമാരപ്രായത്തിൽ ശ്വാസകോശാർബുദം ബാധിച്ച് അമ്മ വെരാ മരിച്ച സംഭവം അവനെ സാരമായി ബാധിക്കാൻ ഇടയാക്കിയ ഒരു പ്രശ്നമായി മാറുകയായിരുന്നു. അമ്മയുടെ അവസാന നാളുകളിൽ വേദന കുറയ്ക്കുന്നതിനായി മോർഫിൻ കുത്തിവെപ്പുകൾ നൽകിയിരുന്നു. ഇത് ഷിപ്പ്മാൻ നേരിട്ട് കണ്ടു. ഈ അനുഭവം അവനെ വൈദ്യശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ, അമ്മയുടെ മരണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ട നിയന്ത്രണം തിരികെ പിടിക്കാനുള്ള ഒരു ആസക്തി അവനിൽ വളർന്നു എന്നാണ് പല മനശാസ്ത്രജ്ഞരും ഈ കേസിൽ വിലയിരുത്തുന്നത്.1970-ൽ ലീഡ്‌സ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ ബിരുദം നേടിയ ഷിപ്പ്മാൻ, അതിനുമുമ്പ് 1966-ൽ പ്രിംറോസ് ഓക്സ്ടോബിയെ വിവാഹം കഴിച്ചു.
ഒരു മാന്യനായ ഡോക്ടറായിട്ടാണ് ഹരോൾഡ് ഷിപ്പ്മാൻ തുടക്ക കാലത്ത് പൊതുസമൂഹത്തിൽ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഷിപ്പ്മാൻ്റെ കരിയറിൻ്റെ തുടക്കത്തിൽ തന്നെ ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.ഇതിന് തുടക്കമാവുന്നത് 1970-കളുടെ മധ്യത്തിൽ, യോർക്ക്‌ഷെയറിലെ ടോഡ്‌മോർഡനിലുള്ള പ്രാക്ടീസിൽ ജോലി ചെയ്യുമ്പോഴാണ്.ഷിപ്പ്മാൻ പെതിഡിൻ (Pethidine - മോർഫിനോട് സമാനമായ വേദനസംഹാരി) എന്ന മരുന്നിന് അടിമപ്പെട്ടു.ഇതിനെ തുടർന്ന് ലഹരി ഉപയോഗത്തിനായി സ്വന്തമായി ഷിപ്പ്മാൻ വലിയ അളവിൽ മരുന്ന് ലഭിക്കുന്നതിന് വ്യാജ കുറിപ്പടികൾ ഉണ്ടാക്കി. 1975-ൽ സഹപ്രവർത്തകർ ഇത് കണ്ടെത്തുകയും ഷിപ്പ്മാനെതിരെ കേസ് എടുക്കുകയും ചെയ്തു.
ഈ കേസിനെ തുടർന്ന് മയക്കുമരുന്ന് ദുരുപയോഗം ചെയ്തതിനും വ്യാജരേഖ ചമച്ചതിനും ഷിപ്പ്മാന് പിഴ ചുമത്തുകയും തുടർന്ന് ഒരു ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു.ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടിയ കാരണം ഷിപ്പ്മാന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടാതിരിക്കാൻ സാധിച്ചു.പക്ഷേ ഈ സംഭവത്തിന് ശേഷം ഷിപ്പ്മാൻ ഒരു നല്ല ഡോക്ടറായി നടിക്കുകയായിരുന്നു പൊതു സമൂഹത്തിന് മുന്നിൽ. 1977-ൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഹൈഡിൽ ജനറൽ പ്രാക്ടീഷണറായി ജോലി ആരംഭിച്ചു. പിന്നീട് സ്വന്തമായി ക്ലിനിക്ക് തുടങ്ങി, പ്രദേശത്തെ വിശ്വസ്തനും ബഹുമാന്യനുമായ ഡോക്ടറായി ഷിപ്പ്മാൻ അറിയപ്പെട്ടു. ഈ വിശ്വാസം മുതലെടുത്താണ് ഇയാൾ പിന്നീട് ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യമേഖലയിലെ സീരിയൽ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചത്.
വിശ്വാസത്തിൻ്റെ മറവിലെ കൊലപാതക പരമ്പര
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഹൈഡിൽ ഒരു ജനറൽ പ്രാക്ടീഷണർ ആയി ജോലി ചെയ്തിരുന്ന ഡോ. ഷിപ്പ്മാൻ, ഏകദേശം 250-ഓളം രോഗികളെ കൊലപ്പെടുത്തി എന്നാണ് ഔദ്യോഗിക അന്വേഷണത്തിൽ കണ്ടെത്തിയത്. 1970-കളിൽ ആരംഭിച്ച് 1998 വരെ ഏകദേശം 30 വർഷക്കാലമാണ് അദ്ദേഹത്തിൻ്റെ കൊലപാതക പരമ്പര നീണ്ടുനിന്നത്.ഷിപ്പ്മാൻ്റെ ഇരകളിൽ ഭൂരിഭാഗവും പ്രായമായ സ്ത്രീകളായിരുന്നു.ശക്തമായ വേദന സംഹാരികളായ ഡയാമോർഫിൻ (Diamorphine - ഹെറോയിൻ) പോലുള്ള മരുന്നുകൾ അമിത ഡോസിൽ കുത്തിവെച്ച് പെട്ടെന്നുള്ള മരണം ഉറപ്പാക്കുകയായിരുന്നു ഇയാളുടെ രീതി.
ഒരു ഡോക്ടർ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച്, സ്വാഭാവിക മരണമാണ് സംഭവിച്ചതെന്ന് രേഖപ്പെടുത്തി ഇയാൾ മരണ സർട്ടിഫിക്കറ്റുകൾ നൽകി. പലപ്പോഴും രോഗികളുടെ മെഡിക്കൽ രേഖകളിൽ മാറ്റങ്ങൾ വരുത്തി തൻ്റെ കൊലപാതകങ്ങളെ സാധൂകരിക്കുകയും ചെയ്തു.
ഷിപ്പ്മാൻ്റെ സീരിയൽ കില്ലിംഗിന്റേ അന്ത്യം
ഷിപ്പ്മാൻ്റെ രോഗികളിൽ അസാധാരണമായി മരണനിരക്ക് വർദ്ധിച്ചത് മറ്റ് ഡോക്ടർമാരിലും സംശയം ഉണ്ടാക്കി. എന്നാൽ, 1998-ൽ കാത്‌ലീൻ ഗ്രണ്ടി എന്ന രോഗിയുടെ മരണമാണ് കേസിൽ നിർണായകമായ വഴിത്തിരിവായത്.81 വയസ്സുള്ള കാത്‌ലീൻ ഗ്രണ്ടി മരിക്കുന്നതിന് തൊട്ടുമുമ്പ് ഷിപ്പ്മാൻ അവരെ സന്ദർശിച്ചിരുന്നു.എന്നാൽ, മരണശേഷം ഗ്രണ്ടിയുടെ സ്വത്ത് മുഴുവൻ ഡോ. ഷിപ്പ്മാൻ്റെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള ഒരു വ്യാജ വിൽപത്രം ഇയാൾ ഉണ്ടാക്കി.ഇതിൽ സംശയം തോന്നിയ ഗ്രണ്ടിയുടെ മകൾ പൊലിസിനെ സമീപിച്ചു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഡയാമോർഫിൻ്റെ അളവ് കൂടുതലായി കണ്ടെത്തിയത്.
വിചാരണയും ശിക്ഷയും
1999-ൽ ഷിപ്പ്മാൻ അറസ്റ്റിലായി. 2000-ൽ നടന്ന വിചാരണയിൽ 15 കൊലപാതകങ്ങളിലും ഒരു വ്യാജരേഖ ചമച്ച കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി.ഓരോ കൊലപാതകത്തിനും പ്രത്യേകമായി ജീവപര്യന്തം തടവും (Whole Life Tariff) വ്യാജരേഖ ചമച്ചതിന് നാല് വർഷം തടവും കോടതി വിധിച്ചു.തുടർന്ന് നടന്ന 'ഷിപ്പ്മാൻ എൻക്വയറി' എന്ന ഔദ്യോഗിക അന്വേഷണത്തിൽ, ഇയാൾ കൊലപ്പെടുത്തിയ രോഗികളുടെ എണ്ണം 250 വരെയാകാമെന്ന് സ്ഥിരീകരിച്ചു.
ശിക്ഷിക്കപ്പെട്ട് നാല് വർഷങ്ങൾക്ക് ശേഷം, 2004 ജനുവരി 13-ന്, തൻ്റെ 58-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പ്, ഹരോൾഡ് ഷിപ്പ്മാൻ വേക്ക്ഫീൽഡ് ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തു.ഒരു ഡോക്ടർ എന്ന നിലയിൽ ലഭിച്ച അധികാരം ഏറ്റവും ക്രൂരമായ രീതിയിൽ ദുരുപയോഗം ചെയ്ത ഈ സംഭവം, ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളുടെ മേൽനോട്ടത്തിലും നിയന്ത്രണങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമായി. ഒരാൾ വിശ്വസിക്കുന്ന തൊഴിലിൻ്റെ മറവിൽ എത്രത്തോളം ഭീകരനാകാം എന്നതിൻ്റെ ഭയാനകമായ ഉദാഹരണമായി ഇന്നും ഹരോൾഡ് ഷിപ്പ്മാൻ്റെ കേസ് നിലനിൽക്കുന്നു.
ബ്രിട്ടീഷ് ആരോഗ്യമേഖലയിൽ വരുതിയ സുരക്ഷാ മാറ്റങ്ങൾ
ഷിപ്പ്മാൻ എൻക്വയറി (Shipman Inquiry) എന്ന പേരിൽ നടന്ന വിശദമായ പൊതു അന്വേഷണത്തിന് ശേഷമാണ് പ്രധാന മാറ്റങ്ങൾ നടപ്പിലാക്കിയത്. ഇതിലെ കണ്ടെത്തലുകൾ ബ്രിട്ടനിലെ പ്രാഥമികാരോഗ്യ രംഗത്തെ (Primary Healthcare) പുനഃസംഘടിപ്പിച്ചു.പ്രധാനമായും, വാർദ്ധക്യം കാരണം മരിക്കുന്നവരുടെ കാര്യത്തിൽ, മതിയായ ചികിത്സാ രേഖകൾ ഇല്ലാതെ ഡോക്ടർമാർക്ക് സ്വന്തമായി മരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു.രോഗികളുടെ ആരോഗ്യ രേഖകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും കൃത്രിമം കാണിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് (EMR) നിർബന്ധമാക്കി. ഇത് ഒരു രോഗിയുടെ മരണവിവരം പെട്ടെന്ന് അധികൃതരെ അറിയിക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടായാൽ പരിശോധിക്കാനും സഹായിച്ചു.ഡോക്ടർമാരുടെ പ്രൊഫഷണൽ ലൈസൻസുകൾ തുടർച്ചയായി പുതുക്കുന്നതിനുള്ള സംവിധാനം (Revalidation) ശക്തമാക്കി. ഒരു നിശ്ചിത കാലയളവിൽ ഓരോ ഡോക്ടറും അവരുടെ പ്രൊഫഷണൽ നിലവാരം തെളിയിക്കണം എന്ന നിബന്ധന വന്നു.മെഡിക്കൽ രംഗത്ത് തെറ്റായ രീതികൾ കണ്ടെത്തിയാൽ അത്തരം ഡോക്ടർമാരുടെ വിവരങ്ങൾ കൈമാറാൻ സംവിധാനങ്ങൾ ഏർപ്പെടുത്തി.ഷിപ്പ്മാൻ ചെയ്തതുപോലെ ഡയാമോർഫിൻ പോലുള്ള നിയന്ത്രിത മരുന്നുകൾ (Controlled Drugs) അമിതമായി എഴുതുന്ന ഡോക്ടർമാരെ കണ്ടെത്താൻ ഫാർമസികളിൽ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കി.ജനറൽ മെഡിക്കൽ കൗൺസിലിൻ്റെ (GMC) അധികാരം വർദ്ധിപ്പിച്ചു. ഡോക്ടർമാർക്കെതിരെ ലഭിക്കുന്ന പരാതികളിൽ കൂടുതൽ വേഗത്തിലും കർശനമായും നടപടിയെടുക്കാൻ ജനറൽ മെഡിക്കൽ കൗൺസിലിന് അധികാരം നൽകി.
ഷിപ്പ്മാൻ്റെ കേസിൽ ഒരു ഡോക്ടർക്ക് ഏകദേശം 250 പേരെ ഒരു സംശയവുമില്ലാതെ കൊല്ലാൻ കഴിഞ്ഞു എന്നത് ബ്രിട്ടീഷ് ആരോഗ്യമേഖലയിലെയും,നിയമവ്യവസ്ഥയിലെയും വലിയ പരാജയമായിരുന്നു. "ഡോക്ടർമാരുടെ വിശ്വാസ്യതയെ" ചോദ്യം ചെയ്യാൻ ഈ കേസ് ജനങ്ങളെ നിർബന്ധിതരാക്കി.ഷിപ്പ്മാൻ സംഭവം ബ്രിട്ടനിലെ പൊതുജനാരോഗ്യ സുരക്ഷയ്ക്ക് ഒരു കറുത്ത അധ്യായമായി മാറിയെങ്കിലും, ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ഒഴിവാക്കുന്നതിനുള്ള ശക്തമായ നിയമപരമായ അടിത്തറ പാകാൻ ഈ മാറ്റങ്ങൾക്ക് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."