ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ ഭൂചലനം; യുഎഇയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം
ദുബൈ/മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൻ്റെ തെക്ക് ഭാഗത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിന്റെ ഫലമായി ഇന്ന് വൈകുന്നേരം യുഎഇയിലെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു.
യുഎഇ സമയം വൈകുന്നേരം 4.40 നാണ് മേഖലയിൽ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം 5 കിലോമീറ്റർ താഴ്ചയിലായിരുന്നു. ഭൂചലനം മൂലം യുഎഇയിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
യുഎഇ അത്ര വലിയ ഭൂകമ്പ മേഖലയിലല്ല സ്ഥിതി ചെയ്യുന്നതെങ്കിലും, ഇടയ്ക്കിടെ ചെറിയ ഭൂചലനങ്ങൾ ഇവിടെ അനുഭവപ്പെടാറുണ്ട്. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നായ സാഗ്രോസ് പർവതനിരകൾക്ക് സമീപമാണ് യുഎഇ സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം.
ഇറാനിലൂടെയും ഇറാഖിലൂടെയും വ്യാപിച്ചുകിടക്കുന്ന സാഗ്രോസ് പർവതനിരകളിൽ പതിവായി ഭൂകമ്പ പ്രവർത്തനങ്ങൾ രേഖപ്പെടുത്താറുണ്ട്.
"ഈ സംഭവങ്ങൾ നൂറുകണക്കിന് കിലോമീറ്റർ അകലെയായിരിക്കും സാധാരണയായി കേന്ദ്രീകരിക്കുന്നത്. എങ്കിലും, യുഎഇയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ എമിറേറ്റുകളിൽ പ്രകമ്പനം അനുഭവപ്പെടാൻ ഇത് കാരണമാകും." എൻ.സി.എമ്മിലെ ഭൂകമ്പ നിരീക്ഷണ വിഭാഗം ആക്ടിംഗ് മേധാവി മുഹമ്മദ് അൽഹസാനി ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
ഈ വർഷം മുമ്പ് പലതവണയായി യുഎഇയിലും സമീപപ്രദേശങ്ങളിലും ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 22-ന് ഫുജൈറയിലെ സഫാദ് പ്രദേശത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഓഗസ്റ്റിൽ തന്നെ, യുഎഇയിലെ മാധ മേഖലയിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. യുഎഇയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഇത്തരം ചെറിയ പ്രകമ്പനങ്ങൾ സാധാരണമാണെങ്കിലും, വലിയ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
a 4.6 magnitude quake hit south of musandam governorate at 4:40pm on november 4, 2025, with tremors shaking residents in various uae areas. no damages reported, but the shallow 5km depth raised brief alarms. uae's national seismic network confirms the event—stay informed on regional seismic activity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."