എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം-എസ്.ഐ.ആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും. വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം ചേരുക. ഭരണപക്ഷ, പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കും.
മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തീവ്ര പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. വിഷയത്തില്‍ യുഡിഎഫും, എല്‍ഡിഎഫും ഒറ്റക്കെട്ടാണ്. ബിജെപി മാത്രമാണ് എസ്.ഐ.ആറിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുള്ളത്. സര്‍വകക്ഷി യോഗത്തിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തമിഴ്‌നാടിന് സമാനമായി വിഷയം കോടതിയില്‍ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇന്ന് നടക്കും.
ദീർഘകാല തയാറെടുപ്പും കൂടിയാലോചനയും ഇല്ലാതെ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയ്ക്കു പിന്നിൽ പൗരത്വം മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമം പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെത്. എൽ.ഡി.എഫും യു.ഡി.എഫും ഒരേ സ്വരത്തിൽ എതിർക്കുന്ന എസ്.ഐ.ആറിനെതിരേ നിയമന നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടാകും.
ആദ്യ ദിനം നടപടിക്രമങ്ങളിൽ വ്യക്തതയില്ലാതെയാണ് ബി.എൽ.ഒമാർ വീടുകളിൽ എത്തിയത്. പരിശീലന പരിപാടികൾ നടത്തിയിരുന്നെങ്കിലും മാധ്യമങ്ങൾക്കു നൽകുന്ന പ്രതികരണങ്ങളിലും ഉദ്യോഗസ്ഥർക്കായി പുറത്തിറക്കുന്ന സർക്കുലറിലും പരസ്പര വിരുദ്ധ നിർദേശങ്ങൾ ലഭിക്കുന്നത് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. പ്രമുഖ വ്യക്തികളുടെ വീടുകളിൽ കലക്ടർ നേരിട്ടെത്തിയാണ് വോട്ടർപട്ടിക തീവ്രപരിഷ്‌കരണ നടപടികൾക്ക് തുടക്കം കുറിച്ചത്. കലാമണ്ഡലം ഗോപിയുടെ വീട്ടിൽനിന്നാണ് തൃശൂർ ജില്ലയിൽ നടപടികൾ തുടങ്ങിയത്. കണ്ണൂരിൽ ചെറുകഥാകൃത്ത് ടി. പത്മനാഭന്റെ വീട്ടിലെത്തി കലക്ടർ രേഖകൾ നൽകി.
ഇരട്ടവോട്ട് കണ്ടെത്താൻ സംവിധാനമില്ല
എസ്.ഐ.ആർ നടപടികളിൽ ഇരട്ടവോട്ട് കണ്ടെത്താനോ ഇരട്ടവോട്ട് ചേർക്കുന്നതു തടയാനോ സംവിധാനമില്ല. ഒരു വ്യക്തി രണ്ട് സ്ഥലത്ത് എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയാൽ രണ്ടിടത്തും വോട്ടർപട്ടികയിൽ ഉൾപ്പെടും. വോട്ടർപട്ടിക ശുദ്ധീകരിക്കാനാണ് എസ്.ഐ.ആർ നടപ്പാക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദം. എന്നാൽ ഒരു വ്യക്തിക്ക് നിലവിൽ രണ്ട് സ്ഥലത്ത് വോട്ട് ഉണ്ടെങ്കിൽ രണ്ട് സ്ഥലത്തേയും ബി.എൽ.ഒമാരിൽനിന്ന് എന്യുമറേഷൻ ഫോം ലഭിക്കും. ഒരു സ്ഥലത്തെ വോട്ടു നിലനിർത്തി, രണ്ടാമത്തെ സ്ഥലത്തെ വോട്ട് ഒഴിവാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്നത്. ഒരു വ്യക്തി രണ്ടു സ്ഥലത്തേയും വോട്ട് നിലനിർത്തിയാൽ അതു കമ്മിഷന് കണ്ടെത്താൻ നിലവിൽ സംവിധാനമില്ല.
The state government will hold an all-party meeting today at 5 PM, led by the Chief Minister, to discuss issues related to the voter list revision SIR.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."