ഓണത്തെ വരവേല്‍ക്കാന്‍ സജീവമായി പൂവിപണി
പാലക്കാട്: മലയാളിയുടെ ആഘോഷ ദിനങ്ങള്‍ക്ക് തുടക്കം കുറിച്ച് അത്തം പിറന്നതോടെ വീട്ടുമുറ്റത്ത് ഐശ്വര്യത്തിന്റെ പൂക്കളമൊരുക്കാന് തമിഴ്നാട്ടിലെ മുല്ലയും അരളിയും ജമന്തിയുമൊക്കെ മാര്‍ക്കറ്റില്‍ നിറഞ്ഞു കഴിഞ്ഞു. പൂക്കള്‍ക്ക് നല്ല വിലയുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ ചെറിയ ആശ്വാസമുണ്ട്.
ചെണ്ടുമല്ലി കിലോയ്ക്ക് 50, മഞ്ഞ ചെണ്ടുമല്ലിയ്ക്ക് 60, അരളിക്ക് 140, വാടാമല്ലിക്ക് 100, വെള്ളജമന്തിക്ക് 120-140, റോസ് 160 എന്നിങ്ങനെയാണ് വില. കഴിഞ്ഞ വര്‍ഷം വെള്ള ജമന്തി കിലോവിന് വില 300വരെ എത്തിയിരുന്നു. അരളി വില 200ലും. ചെണ്ടുമല്ലിക്ക് നൂറുമൊക്കെയായിരുന്നു. മുല്ലപ്പൂ വിലയാണ് ഉയര്‍ന്നു നില്‍ക്കുന്നത് കിലോയ്ക്ക് 600 രൂപ. വിനായക ചതുര്‍ത്ഥി വരുന്നതിനാലാണ് ഇത്ര കൂടുതലെന്നും വില അല്പം കുറയുമെന്നും പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിലെ ഐശ്വര്യാ ഫ്ളവേഴ്സ് ഉടമ ഹക്കിം പറയുന്നു.
പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തെ പൂ മാര്‍ക്കറ്റില്‍ തിരക്കു തുടങ്ങിക്കഴിഞ്ഞു. തിരുവോണം അടുക്കുമ്പോഴേക്കും കൂടുതല്‍ ആവശ്യക്കാരുണ്ടാകും. അതോടെ വിലയും ഉയരും. കര്‍ഷകരില്‍നിന്ന് പൂക്കളെടുത്ത് മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന ഇടനിലക്കാര്‍ക്കാണ് ലാഭമുണ്ടാകുന്നത്.
പ്രധാനമായും കോയമ്പത്തൂര്‍, ബംഗളൂരു, ഹൊസൂര്‍, മധുര, ഗുണ്ടല്‍പേട്ട, സത്യമംഗലം, പൊള്ളാച്ചി, ദിണ്ടിഗല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പൂക്കളെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."