മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; സൗജന്യചികിത്സയില്ല; ദുരന്തമായി 1031എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പും പാഴായി. പ്രഖ്യാപനം നടത്തി ഒന്നര വർഷമാകുമ്പോഴും സൗജന്യ ചികിത്സ പോലും ആരംഭിക്കാതെ ദുരന്തഭൂമികയിലാണ് എൻഡോസൾഫാൻ ദുരിതബാധിതർ. 2017ൽ കണ്ടെത്തിയ 1031 പേരെ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സഹായിക്കുമെന്ന് 2024 ജൂലൈ പത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. എന്നാൽ ഒരു സഹായവും ഇതുവരേ ലഭിച്ചിട്ടില്ല. കഴിഞ്ഞമാസം കലക്ടറേറ്റിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് മന്ത്രിസഭായോഗത്തിൽ വീണ്ടും തീരുമാനമെടുത്തിരുന്നുവെങ്കിലും അതും ജലരേഖയായി.
1031 പേരിൽ അർഹതയുള്ളവർക്ക് സഹായം നൽകണമെന്നതായിരുന്നു തീരുമാനം. എന്നാൽ 1031പേരും അർഹരായതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി നിയമസഭയിൽ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സഹായിക്കുമെന്ന് പ്രഖ്യാപിച്ചത്.
2017 ഏപ്രിൽ അഞ്ച് മുതൽ ഒൻപതുവരെ അഞ്ച് സ്ഥലങ്ങളിലായി നടന്ന പ്രത്യേക മെഡിക്കൽ ക്യാംപിൽ നിന്ന് 1905 പേരെ പട്ടികയിൽപ്പെടുത്തിയതായി ഡെപ്യൂട്ടി കലക്ടർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു കാരണവുമില്ലാതെ പട്ടിക 287 ആക്കി ചുരുക്കി. ഇതോടെ എൻഡോസൾഫാൻ പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടത്തി സമരം പ്രഖ്യാപിച്ചു. തുടർന്നാണ് 76 പേരെ കൂടി കൂട്ടിച്ചേർത്തത്.
ഇതിലും ഭൂരിഭാഗം കുട്ടികളും പുറത്തായിരുന്നു. 2019 ജനുവരി 30 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അമ്മമാർ പട്ടിണി സമരത്തിനു കുടിൽകെട്ടി. മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉൾപെടുത്താനും ബാക്കി വരുന്നവരെ പരിശോധിച്ചശേഷം ചേർക്കാം എന്നുമായിരുന്നു തീരുമാനം. എന്നാൽ 18 ൽ താഴെയുള്ള 511കുട്ടികളെ പട്ടികയിൽ പെടുത്തിയെങ്കിലും ബാക്കി വന്ന 1031 പേരുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. തുടർന്ന് ഒഴിവാക്കപ്പെട്ട 1031 ദുരിതബാധിതർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മമാർ സമരം ആരംഭിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ മാസങ്ങളോളം നടന്ന സത്യഗ്രഹവുമായി ബന്ധപ്പെട്ട് എം.എൽ.എമാരും സമരപ്രതിനിധികളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് 1031 പേരെയും പട്ടികയിൽപെടുത്തി സഹായം നൽകുമെന്ന് ഉറപ്പ് നൽകിയത്. ഇത് നിയമസഭയിൽ പ്രഖ്യാപിച്ചു.
മെഡിക്കൽ പരിശോധനയടക്കം എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞശേഷം മാത്രമേ അന്തിമപട്ടികയിൽ ഇടം കണ്ടെത്താനാകൂവെന്നിരിക്കെ, ആരെയും പട്ടികയിൽ തിരുകിക്കയറ്റാനാവില്ല. എന്നിട്ടും അർഹർക്ക് സഹായം നൽകാത്തത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സമരസമിതി ചോദിക്കുന്നത്.
the chief minister's announcement proved futile; there is no free treatment; the lives of 1,031 endosulfan victims remain in distress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."