യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; പക്ഷേ അക്ഷരത്തെറ്റിൽ പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്
കുറുപ്പന്തറ: യുഎസിലുള്ള സഹോദരീഭർത്താവിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനിൽനിന്ന് പണം തട്ടാനുള്ള ശ്രമം പാളി. ഇംഗ്ലീഷ് സന്ദേശത്തിലെ ഒരൊറ്റ അക്ഷരത്തെറ്റാണ് തട്ടിപ്പുകാർക്ക് വിനയായത്. ഇത് പണം നഷ്ടപ്പെടാതെ രക്ഷപ്പെടാൻ കാരണമായി.
റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായ കുറുപ്പന്തറ, ചിറയിൽ വീട്ടിൽ ജേക്കബ് തോമസിന് വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു തസ്കര സംഘം. ഇതിനായി ജേക്കബ് തോമസിന്റെ സഹോദരീഭർത്താവായ ഞീഴൂർ തത്തംകുളം സ്വദേശി ഫിലിപ്‌സൺന്റെയും ഭാര്യ ഷിനുവിന്റെയും ഒരുമിച്ചുള്ള ചിത്രം പ്രൊഫൈൽ പിക്ചറാക്കിയ വാട്‌സാപ്പ് അക്കൗണ്ട് വഴി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു."സുഹൃത്തിന് അപകടം സംഭവിച്ചെന്നും ശസ്ത്രക്രിയയ്ക്കായി ഒന്നര ലക്ഷം രൂപ അടിയന്തരമായി അയയ്ക്കണം" എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജേക്കബിന്റെ വാട്‌സാപ്പിലേക്ക് സന്ദേശം എത്തിയത്.
സന്ദേശത്തിലെ ഇംഗ്ലീഷ് അക്ഷരത്തെറ്റ് ജേക്കബ് തോമസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് അദ്ദേഹം സഹോദരിയായ ഷിനുവിനെ നേരിട്ട് ഫോൺ വിളിച്ച് വിവരം അന്വേഷിച്ചു. ഇതോടെയാണ് ഫിലിപ്‌സണിന്റെ മൊബൈൽ ഹാക്ക് ചെയ്യപ്പെട്ടെന്നും സന്ദേശം അയച്ചത് തട്ടിപ്പുകാരാണെന്നും മനസ്സിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."